നെല്‍കൃഷിയില്‍ പഴമയെ നെഞ്ചോടുചേര്‍ത്ത് കര്‍ഷക കുടുംബം
നടവയല്‍: യന്ത്രവല്‍കരണത്തിന്റെ കാലത്തും പരമ്പരാഗത രീതിയില്‍ നെല്ലും വൈക്കോലും വേര്‍തിരിച്ച് ഒരു കര്‍ഷക കുടുംബം.
മീനങ്ങാടി ചണ്ണാളിയിലെ ദിവാകരമന്ദിരം ദിവാകരനും കുടുംബവുമാണ് പഴമയെ നെഞ്ചോടുചേര്‍ത്തു പിടിക്കുന്നത്. സമീപവാസികള്‍ വയലിലും കുളത്തിലും ട്രാക്ടര്‍ ഉപയോഗിക്കുമ്പോള്‍ ദിവാകരന്‍ കാളകളെ നുകത്തില്‍ പൂട്ടിയാണ് വയല്‍ ഒരുക്കുന്നതും നെല്ല് ഒക്കലിടുന്നതും. യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തുമെതി സമയ-ധന ലാഭത്തിനു ഉതകുമെങ്കിലും പഴമയെ ഒഴിയാന്‍ ദിവാകരന്‍ ഒരുക്കമല്ല. കന്നുപൂട്ടലും വളര്‍ത്തുമൃഗങ്ങളെ ഉപയോഗിച്ചുള്ള ഒക്കലും ഓര്‍മയാകുമ്പോഴാണ് നെല്‍കൃഷിയുടെ മുഴുവന്‍ ഘട്ടങ്ങളിലും ദിവാകരന്‍ പരമ്പരാഗത രീതി പിന്തുടരുന്നത്. രണ്ട് ഏക്കര്‍ വയലുള്ള ദിവാകരന് വയസ് അറുപത്തിയാറ് ആയെങ്കിലും നെല്‍കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ചുറുചുറുക്കോടെ ചെയ്യും. മക്കളും കൊച്ചുമക്കളും ഉള്‍പ്പെടുന്നതാണ് സഹായികളുടെ ഗണം. ചണ്ണാളി ഗവ. എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന പേരക്കുട്ടി ആകാശിനും ഹൃദിസ്ഥമാണ് പാടത്തെയും കുളത്തിലേയും ജോലികള്‍. കഴിഞ്ഞ ദിവസം ദിവാകരന്റെ കുളത്തില്‍ നടന്ന ഒക്കല്‍ കാണാന്‍ വിദ്യാര്‍ഥികളടക്കം എത്തിയിരുന്നു. കൊച്ചുതൊമ്മന്‍ എന്ന പരമ്പാരാഗത നെല്‍വിത്താണ് ദിവാകരന്‍ 18 വര്‍ഷമായി കൃഷിക്ക് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."