HOME
DETAILS
MAL
അടിച്ചമര്‍ത്തലുകള്‍ക്ക് പോരാട്ടങ്ങളെ തകര്‍ക്കാനാവില്ല
backup
December 20 2019 | 01:12 AM
പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയുടെ ആത്മാവിനും എതിരായ നീക്കമാണ്. ചില രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ആ നിയമത്തിന്റെ വ്യവസ്ഥയില്‍ പറയുന്നത്. മുസ്‌ലിംകളെ ഒഴിച്ചുനിര്‍ത്തിയതിലൂടെ നമ്മുടെ ഭരണഘടനയുടെ മതേതരത്വമെന്ന തത്ത്വത്തിന് വിരുദ്ധമായി മാറുന്നു. അതേസമയം മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യകള്‍, പാകിസ്താനിലെ അഹമ്മദിയാക്കള്‍ എന്നിവര്‍ക്ക് ഈ നിയമം സംരക്ഷണം നല്‍കുന്നില്ല.
അസമില്‍ ഈ നിയമം നടപ്പിലാക്കിയ രീതി പരിശോധിക്കുമ്പോള്‍ കേവലം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇതെന്ന് വ്യക്തമാവും. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളാണ് പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക. 1951ന് മുന്‍പ് ഇവിടെ താമസമാക്കിയിരുന്നുവെന്ന് ബോധ്യപ്പെടുത്തേണ്ട ചുമതല ഓരോ പൗരനിലും ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളിലും പൗരന്മാര്‍ ആരാണെന്ന് വ്യക്തമാക്കുന്ന ഭരണകൂടങ്ങളാണ്. എന്നാല്‍ ജനങ്ങള്‍ തങ്ങള്‍ പൗരന്മാരാണെന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്തേണ്ട വിചിത്രമായ അവസ്ഥയാണിവിടെയുള്ളത്.
അഭയാര്‍ഥികളായി അന്യരാജ്യങ്ങളില്‍ നിന്ന് ജനങ്ങള്‍ എത്തുന്നത് മതപരമായ പ്രശ്‌നങ്ങളാല്‍ മാത്രമല്ല. മറ്റു വംശീയ, ഭാഷാ പീഡനങ്ങളും കാരണമാവാം. ശ്രീലങ്കയിലെ തമിഴര്‍ നേരിട്ടത് ഒരേസമയം വംശീയവും ഭാഷാപരവുമായ പീഡനങ്ങളായിരുന്നു. അയല്‍രാജ്യങ്ങളെ സംബന്ധിച്ചാണ് കേന്ദ്ര ഭരണകൂടം പൗരത്വ നിയമത്തില്‍ പറയുന്നത്. അതേസമയം നമ്മുടെ അയല്‍വാസികളായ നേപ്പാള്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിന് യാതൊരു വ്യവസ്ഥയും നിയമത്തില്‍ പറയുന്നില്ല. ചൈനയിലെ ഷിന്‍ജിയാങ്ങിലെ ഉയിഗൂര്‍ ജനത കോണ്‍സന്‍ട്രേഷന്‍ ക്യാംപിന് സമാനമായ പീഡനങ്ങളാണ് അനുഭവിക്കുന്നത്.
അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം ആളുകളാണ് പുറത്തായത്. രാജ്യത്ത് പൂര്‍ണമായി ഇത് നടപ്പിലാക്കുകയാണെങ്കില്‍ എല്ലാവരും പൗരത്വ രേഖ ബോധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. ഇതിനായി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവയൊന്നും മതിയാവില്ല. നമ്മുടെ പിതാക്കന്മാരുടെയോ മുത്തച്ഛന്മാരുടെയോ രേഖകള്‍ ഹാജരാക്കേണ്ട സാഹചര്യമുണ്ടാവും. സ്‌കൂള്‍ രേഖകള്‍ ഹാജരാക്കേണ്ടിവരും. പഴയ തലമുറയിലെ വലിയൊരു വിഭാഗം സ്‌കൂളിലോ കോളജിലോ ചേരാന്‍ അവസരം ലഭിക്കാത്തവരാണ്. ദലിതര്‍, ആദിവാസികള്‍, വളരെ പിന്നോക്കക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല. നാട്ടിന്‍ പുറത്തെ ഓഫിസുകളില്‍ ഇത്തരത്തിലുള്ള രേഖകള്‍ ലഭ്യമാവുന്ന സാഹചര്യവുമല്ല ഇപ്പോഴുള്ളത്. ഇത്തരത്തില്‍ ഇന്ത്യന്‍ ജനതയുടെ വലിയൊരു വിഭാഗത്തെ ഇന്ത്യക്കാരല്ലാതാക്കി മാറ്റുന്ന ഭീകരമായ സന്ദര്‍ഭമാണിത്.
മുസ്‌ലിംകള്‍ക്കെതിരാണ് ഈ നിയമം. അനേകം തലമുറകളായി ഇവിടെ ജീവിച്ച മുസ്‌ലിംകളുടെ പൗരത്വം പോലും ഇല്ലാതാക്കും. അവരെ പൗരന്മാരല്ലാതാക്കി മാറ്റി, വോട്ടവകാശം നിഷേധിച്ച് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയെന്ന പ്രകടമായ ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളത്. മത ഭേദമില്ലാതെ ദരിദ്രര്‍, ആദിവാസികള്‍ തുടങ്ങി സമൂഹത്തില്‍ പുറന്തള്ളപ്പെടുന്ന ജന വിഭാഗങ്ങളെയെല്ലാം ഈ നിയമം ബാധിക്കും. അതിനാലാണ് ഈ വിഭാഗങ്ങളില്‍ നിന്ന് സര്‍ക്കാരിനെതിരേ ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഇത്തരം പ്രതിരോധങ്ങളെ ഇല്ലാതാക്കുകയെന്നുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ മോദിയുടെ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പ്രയാസം നേരിട്ടത് ഇവിടെയുള്ള താഴെക്കിടയിലുള്ള ജനവിഭാഗങ്ങളാണ്. സമാനമായി ഈ നിയമങ്ങളും കൂടുതല്‍ ബാധിക്കുക ഇത്തരക്കാരെയാണ്. എല്ലാ അര്‍ഥത്തിലും ജനവിരുദ്ധമായ നിയമമായിട്ടാണ് പൗരത്വ ഭേദഗതി നിയമത്തെ കാണേണ്ടത്.
പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധാഗ്നികള്‍ രാജ്യത്തുടനീളം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള സമരങ്ങള്‍ ഒരു ഭാഗത്തും കേരളം പോലുള്ള സ്ഥലങ്ങളില്‍ കൊച്ചുപട്ടണങ്ങളും ഗ്രാമങ്ങളിലുമായുള്ള പ്രതിഷേധങ്ങള്‍ മറുവശത്തുമുണ്ട്. കൂടാതെ, മുസ്‌ലിം സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പുറമെ ക്യാംപസുകള്‍ കേന്ദ്രീകരിച്ചുള്ള യുവജനപ്രക്ഷോഭവും പടരുന്നു. ഇന്ത്യയിലുടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ജനങ്ങളുടെ ആവശ്യമെന്താണെന്ന് ശ്രദ്ധിക്കാതെ അവരെ അറസ്റ്റ് ചെയ്യാനോ നേതൃത്വം നല്‍കുന്നവരെ തടങ്കലിലിടാനോ ഉള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തും കാണാന്‍ സാധിക്കാത്ത നടപടികളാണിത്. പ്രതിപക്ഷത്തോടുള്ള ബഹുമാനം, എതിര്‍ക്കുന്നവരെ സഹിഷ്ണുതയോടെ കേള്‍ക്കുക തുടങ്ങിയവയാണ് ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദ. ഇതിന് പകരമായി ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ബൃന്ദ കാരാട്ട്, പ്രമുഖ ചരിത്രകരാനായ രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ അറസ്റ്റിലൂടെ പ്രതിഷേധങ്ങളെ അസാധ്യമാക്കുകയാണ്. ചെങ്കോട്ടയില്‍ നടക്കേണ്ടിയിരുന്ന പ്രതിഷേധത്തെ ഇല്ലാതാക്കാനായി ഡല്‍ഹിയിലെ 12 മെട്രോസ്റ്റേഷനുകള്‍ ഇന്നലെ അടച്ചിടുകയുണ്ടായി. ഇത്തരത്തില്‍ ഒന്നുകില്‍ പ്രതിഷേധത്തെ അസാധ്യമാക്കുക അല്ലെങ്കില്‍ അതിന് നേതൃത്വം നല്‍കുന്നവരെ അറസ്റ്റ് ചെയ്തു തടങ്കലിലാക്കുക എന്നിവയാണ് നടക്കുന്നത്.
അതോടൊപ്പം തന്നെ പൗരന്മാരല്ലാത്തവരെ പാര്‍പ്പിക്കാനായി തടങ്കല്‍ ക്യാംപുകളുടെ നിര്‍മാണത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അസമില്‍ തടങ്കല്‍ ക്യാംപിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ബോംബെയില്‍ ക്യാംപിന്റെ നിര്‍മാണം ആരംഭിച്ചു. ഇത്തരത്തില്‍ മിക്ക സംസ്ഥാനങ്ങളിലും കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ക്ക് സമാനമായ തടവറകള്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വലിയൊരു വിഭാഗം മുസ്‌ലിംകളും രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത താഴെക്കിടയിലുള്ള ജനങ്ങളുമാണ് ഇത്തരം തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കപ്പെടുക.
ജര്‍മനിയില്‍ നാസികള്‍ സ്വീകരിച്ച സമാന നടപടികളാണ് നമ്മുടെ രാജ്യത്തും നടക്കുന്നത്. പൗരത്വ പട്ടികയുണ്ടാക്കിയാണ് ഫാസിസ്റ്റുകള്‍ എല്ലാ രാജ്യത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്. കുടിയേറ്റക്കാര്‍ക്കെതിരേ ഫാസിസ്റ്റുകള്‍ ഇത്തരം പട്ടികകള്‍ പ്രസിദ്ധീകരിച്ച്, തടവറകള്‍ നിര്‍മിക്കുകയും പിന്നീട് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലൂടെയും ഗ്യാസ് ചേംബറുകളിലൂടെയും വലിയ വംശഹത്യയിലേക്ക് രാജ്യത്തെ മുഴുവനും നയിക്കുകയും ചെയ്തു. അത്തരത്തില്‍ തികച്ചും ഫാസിസ്റ്റ് സമീപനമാണ് ഇപ്പോള്‍ നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള ജനപ്രതിഷേധം എത്ര അടിച്ചമര്‍ത്തിയാലും ആളിക്കത്തും. അത് ഈ സര്‍ക്കരിനെയും അതിന്റെ പിന്നിലുള്ളവരെയും നിര്‍വീര്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."