വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരായ പ്രചാരണം: കേസെടുക്കുമെന്ന് വനിതാ കമ്മിഷന്
തൃശൂര്‍: ഗുരുവായൂരില്‍ കഴിഞ്ഞയാഴ്ച താലികെട്ട് കഴിഞ്ഞയുടന്‍ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറിയ സംഭവത്തില്‍ പെണ്‍കുട്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് കേരള വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്.
ഇത് സംബന്ധിച്ച് വനിതാ കമ്മിഷന് പൊലിസിന് നിര്‍ദേശം നല്കി. താലികെട്ട് കഴിഞ്ഞയുടന്‍ താലി ഊരി നല്കി പെണ്‍കുട്ടി കാമുകനൊപ്പം പോയി എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളിലും മറ്റും വാര്‍ത്തയും പെണ്‍കുട്ടിയുടെ ഫോട്ടോയും പ്രചരിപ്പിക്കുന്നത്. ഇതോടെയാണ് വനിതാ കമ്മിഷന് വിഷയത്തില്‍ ഇടപെട്ടത്.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും ഇരു വീട്ടുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന് കാരണമെന്നും ഗുരുവായൂര്‍ എം.എല്‍.എ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരും വനിതാ കമ്മിഷനും ഇടപെടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് വനിതാ കമ്മിഷന് വിഷയത്തില്‍ ഇടപെടുന്നത്.
പെണ്‍കുട്ടിയുടെ വീട് അബ്ദുല്‍ ഖാദര്‍ എം.എല്‍.എയോടൊപ്പം കമ്മിഷന് അധ്യക്ഷ ഇന്ന് സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."