പൊതിച്ചോറില്‍ നിന്ന് ലഭിച്ച സ്വര്‍ണമോതിരം യുവാവ് തിരിച്ചേല്‍പ്പിച്ചു
വാടാനപ്പള്ളി: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ കാംപയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുണ്ടലിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്ത പൊതിച്ചോറില്‍ നിന്നും ലഭിച്ച സ്വര്‍ണമോതിരം തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃകയായി.
ഡി.വൈ.എഫ്.ഐ കുണ്ടലിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനച്ചോട് യൂനിറ്റ് പരിസരത്ത് ശേഖരിച്ച് മെഡിക്കല്‍ കോളജില്‍ എത്തിച്ച ഭക്ഷണ പൊതിയില്‍ നിന്നാണ് സ്വര്‍ണ്ണം പാലക്കാട് മാത്തൂര്‍കുളങ്ങര സ്വദേശി പ്രജുവിന് ലഭിച്ചത്.
റെയില്‍വേയിലെ ജീവനക്കാരനായ അമ്മയുടെ ഡയാലിസിസിന്റെ ഭാഗമായാണ് പ്രജു മെഡിക്കല്‍ കോളജില്‍ എത്തിയത്.
മേഖലയിലെ യൂനിറ്റുകള്‍ നടത്തിയ അന്വേഷണത്തിലാണ് ഉള്‍നാടന്‍ മത്സ്യ തൊഴിലാളിയായ ചേറ്റുവ സ്വദേശി പാടത്തുപറമ്പില്‍ രാജുവിന്റെ ഭാര്യ മിനിയുടെ മോതിരം ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രജു നേരിട്ടെത്തി ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് കെ.വി രാജേഷ് മുഖാന്തിരം വീട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു.
ബ്ലോക്ക് സെക്രട്ടറി ഷജിത്ത്, ബ്ലോക്ക് പ്രസിഡന്റ് നിഖില്‍ ,കുണ്ടലിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.ആര് രാജേഷ് , ഡി.വൈ.എഫ്.ഐ കുണ്ടലിയൂര്‍ മേഖലാ സെക്രട്ടറി മണികണ്ഠന് , ഡി.വൈ.എഫ്.ഐ കുണ്ടലിയൂര്‍ മേഖലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രജുവിന്റെ സത്യസന്ധതക്ക് ഡി.വൈ.എഫ്.ഐ കുണ്ടലിയൂര്‍ മേഖലാകമ്മിറ്റിയുടെയും, സി.പി.ഐ എം കുണ്ടലിയൂര്‍ ലോക്കല്‍ കമ്മിറ്റി യുടെയും സ്നേഹോപഹാരം പ്രജുവിന് നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."