വാട്ടര്‍ മെട്രൊ പദ്ധതി: കൊടുങ്ങല്ലൂരിനെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു
കൊടുങ്ങല്ലൂര്‍: കൊച്ചി മെട്രൊയുടെ അനുബന്ധമായി ആരംഭിക്കുന്ന വാട്ടര്‍ മെട്രൊ പദ്ധതിയില്‍ കൊടുങ്ങല്ലൂരിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. മെട്രൊ റെയില്‍ സ്റ്റേഷനുകളെ ഗ്രാമീണ മേഖലകളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്ടര്‍ മെട്രൊ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ജലയാത്രാമാര്‍ഗമുള്ള പ്രദേശങ്ങളില്‍ നിന്നും മെട്രൊ സ്റ്റേഷനുകളിലേക്ക് അതിവേഗ ബോട്ട് സര്‍വീസ് നടത്തുന്നതാണ് വാട്ടര്‍ മെട്രൊ പദ്ധതി. നിലവില്‍ എറണാകുളം ജില്ലയിലെ ഉള്‍പ്രദേശങ്ങളെ മാത്രമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. എന്നാല്‍ ഏറെ സാധ്യതയുള്ള കൊടുങ്ങല്ലൂരിനെ കൂടി ഉള്‍പ്പെടുത്തുന്നത് പദ്ധതിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എറണാകുളത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് നിലവില്‍ സുഗമമായ ജലഗതാഗത മാര്‍ഗമുണ്ട്. മാത്രമല്ല കോട്ടപ്പുറത്തെ ദേശീയ ജലപാത ടെര്‍മിനല്‍ ഉള്‍പ്പടെ വാട്ടര്‍മെട്രോയ്ക്ക് ഉപയോഗിക്കാവുന്ന വിധത്തിലുള്ള നിരവധി ബോട്ട് ജെട്ടികളും കൊടുങ്ങല്ലൂരിനു സ്വന്തമായുണ്ട്.
യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ ഈ മേഖലയിലേക്ക് വാട്ടര്‍ മെട്രൊ സര്‍വിസ് ആരംഭിക്കാനാകും. വാട്ടര്‍ മെട്രൊ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതു വഴി കൊടുങ്ങല്ലൂരിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നതോടൊപ്പം കൊച്ചി മെട്രൊയ്ക്ക് കൂടുതല്‍ ലാഭം നേടാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹനപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന കൊടുങ്ങല്ലൂര്‍ എറണാകുളം റോഡിനു സമാന്തരമായി വാട്ടര്‍ മെട്രൊ ആരംഭിക്കുന്നത് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും. ഒപ്പം ആഭ്യന്തര വിനോദ സഞ്ചാരം വികസിക്കുകയും ചെയ്യും. പറവൂര്‍, മൂത്തകുന്നം, ചെട്ടിക്കാട് തുടങ്ങിയ എറണാകുളം ജില്ലയുടെ വടക്കന്‍ മേഖലയ്ക്കും ഈ പദ്ധതി ഗുണകരമാകും. ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഈ ആവശ്യം ലക്ഷ്യത്തിലെത്തുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."