യുദ്ധം വിജയിച്ച് വിജേന്ദര്‍
മുംബൈ: ആ യുദ്ധവും വിജേന്ദര്‍ തന്നെ വിജയിച്ചു. പ്രൊഫഷനല്‍ ബോക്സിങില്‍ അപരാജിത മുന്നേറ്റം നടത്തുന്ന ഇന്ത്യയുടെ കരുത്തന് വിജേന്ദര്‍ സിങിന് മുന്നില്‍ ചൈനീസ് കരുത്തുമായെത്തിയ സുല്‍പികര്‍ മെയ്മെയ്തിയാലിക്കും പിടിച്ചു നില്ക്കാന് സാധിച്ചില്ല. ഇന്ത്യ- ചൈന യുദ്ധത്തിന്റെ പ്രതീതിയില്‍ അരങ്ങേറിയ ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ ബോക്സിങ് പോരില്‍ വിജേന്ദര്‍ വിജയം സ്വന്തമാക്കി. മുംബൈ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഏഷ്യ പസിഫിക്ക് സൂപ്പര്‍ മിഡില്‍വെയ്റ്റ് പോരാട്ടത്തില്‍ മെയ്മെയ്തിയാലിയെ കീഴടക്കി വിജേന്ദര്‍ കിരീടം നിലനിര്‍ത്തി. ഒപ്പം ഡബ്ല്യു.ബി.ഒ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും വിജേന്ദര്‍ സ്വന്തമാക്കി. പ്രൊഫഷനല്‍ ബോക്സിങിലേക്ക് മാറിയ ശേഷം കളിക്കാനിറങ്ങിയ ഒന്‍പതാം മത്സരത്തിലും വിജേന്ദര്‍ അപരാജിതനായി നിലകൊണ്ടു.
വിജേന്ദറിനെതിരേ മികച്ച ചെറുത്തുനില്‍പ്പ് നടത്താന്‍ ചൈനീസ് താരത്തിന് സാധിച്ചെങ്കിലും നാട്ടുകാരുടെ പിന്തുണയില്‍ ഇടിച്ചു കയറിയ വിജേന്ദര്‍ അന്തിമ വിജയം തന്റേതാക്കി മാറ്റുകയായിരുന്നു. സ്കോര്‍: 96-93, 95-94, 95-94.
പ്രൊഫഷനല്‍ ബോക്സിങില്‍ അരങ്ങേറിയ മറ്റ് ഇന്ത്യന്‍ താരങ്ങളായ അഖില്‍ കുമാര്‍, ജിതേന്ദര്‍ കുമാര്‍ എന്നിവര്‍ ടെക്നിക്കല്‍ നോക്കൗട്ട് വിജയങ്ങള്‍ സ്വന്തമാക്കി. അഖില്‍ ആസ്ത്രേലിയന്‍ താരം ടൈ ഗില്‍ക്രിസ്റ്റിനേയും ജിതേന്ദര്‍ ലിഖിത്കംപോണിനേയുമാണ് വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."