ക്ലസ്റ്റര്‍ പരിശീലനം ഒരുവിഭാഗം ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: ഇന്നലെ നടന്ന അധ്യാപക ക്ലസ്റ്റര്‍ പരിശീലനം ഒരുവിഭാഗം അധ്യാപകര്‍ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയാണ് പരിശീലനത്തില്‍നിന്ന് വിട്ടുനിന്നത്. ആറാം പ്രവൃത്തി ദിനമാകും എന്നതിനാലും പാഠപുസ്തക വിവാദം പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ചാണ് പങ്കെടുക്കാത്തത്.
ക്ലസ്റ്റര്‍ യോഗത്തില്‍ ഹൈസ്‌കൂള്‍ മേഖലയില്‍നിന്ന് 81ഉം എല്‍.പി, യു.പി മേഖലകളില്‍ 86ഉം ശതമാനം അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തതായാണ് പ്രാഥമിക കണക്ക്. പല ജില്ലകളിലും പി.എസ്.സി പരീക്ഷ നടക്കുന്ന സാഹചര്യമുണ്ടായിട്ടുകൂടി പതിവിലും മെച്ചപ്പെട്ട പങ്കാളിത്തമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പഠനമികവുയര്‍ത്താന്‍ ലക്ഷ്യമിട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാഠ്യപദ്ധതി കൂടുതല്‍ ഫലപ്രദമായിനടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് ക്ലസ്റ്റര്‍. ടേം മൂല്യനിര്‍ണയം, പൊതുപരീക്ഷകള്‍ എന്നിവയ്ക്ക് ചോദ്യബാങ്ക് പോര്‍ട്ടലായ സമഗ്രയെ സംബന്ധിച്ച കാര്യങ്ങളും ക്ലസ്റ്ററില്‍ ചര്‍ച്ച ചെയ്തു.
പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും നേരത്തെ അറിയിച്ചിരുന്നു. പരിശീലനത്തില്‍ പങ്കെടുക്കാത്തത് അനധികൃത അവധിയായി കണക്കാക്കും.
ഹാജരാകാത്തവരുടെ വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലത്തില്‍ സമാഹരിച്ച് ഏഴിന് വൈകിട്ട് അഞ്ചിനകം ഇമെയില്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."