മംഗളൂരുവിനെ പാലക്കാട് ഡിവിഷനില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ തീവ്രശ്രമം
മംഗളൂരു: പാലക്കാട് ഡിവിഷന്റെ ഭാഗമായ മംഗളൂരു ജങ്ഷന്‍, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയെ പാലക്കാട് റയില്‍വേ ഡിവിഷനില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ തീവ്രശ്രമം. ഹൂബ്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലേക്കു മാറ്റാനുള്ള ശ്രമമാണ് കര്‍ണാടക സ്വദേശിയായ ഒരു കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.
മംഗളൂരുവിനു പുറമെ കൊങ്കണ്‍ റെയില്‍വേയിലെ തൊക്കൂരിനേയും ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലാക്കിയാല്‍ അത് കര്‍ണാടകയുടെ വികസനത്തിന് ഏറെ മുതല്‍കൂട്ടാകുമെന്ന വാദമുയര്‍ത്തിയാണ് ഇത്തരമൊരു നീക്കം. ഇത് നടപ്പിലായാല്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തെ കാര്യമായി ബാധിക്കും.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഉറച്ചതോടെ ഈ നീക്കത്തിന് വേഗം കൂടിയതായാണ് വിവരം. അതേസമയം ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാകാത്തതിനാല്‍ വീണ്ടും ദക്ഷിണ,പശ്ചിമ റെയില്‍വേ അധികൃതര്‍ റെയില്‍വേ ബോര്‍ഡിനു കത്തു നല്‍കിയിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കര്‍ണാടകയിലെ കല്‍ബുര്‍ഗി ഡിവിഷന്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഇതോടൊപ്പം തന്നെ പ്രഖ്യാപിക്കപ്പെട്ട ജമ്മു, സില്‍ച്ചാര്‍ (അസം) ഡിവിഷനുകളുടെയും പ്രായോഗികത പഠിക്കാന്‍ റെയില്‍വേ ബോര്‍ഡ് അടുത്തിടെ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജമ്മുവിലും അസമിലും ഡിവിഷനുകള്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുമെന്നാണ് സൂചന.അതിനിടെ കൂടുതല്‍ സോണോ, ഡിവിഷനോ വേണ്ടെന്ന ബിബേക് ദിബ്രോയ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ തടസമായിട്ടുണ്ട്.എന്നാല്‍ ദക്ഷിണ പശ്ചിമ റെയില്‍വേക്ക് കീഴില്‍ പുതിയ ഡിവിഷന് സാധ്യതയുണ്ടെന്ന് തെളിയിക്കാന്‍ കഠിന പരിശ്രമങ്ങളാണ് കര്‍ണാടക മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് പാലക്കാട് ഡിവിഷനിലെ ഏറ്റവും ചരക്ക് ഗതാഗത വരുമാനമുള്ള മംഗളൂരുവിനെ അടര്‍ത്തി മാറ്റാനുള്ള ശ്രമം. നേരത്തെ സേലം അടര്‍ത്തിമാറ്റിയത് പാലക്കാട് ഡിവിഷന് തിരിച്ചടിയായിരുന്നു. മംഗളൂരു കൂടി നഷ്ടമായാല്‍ സ്വന്തമായി സോണ്‍ എന്ന കേരളത്തിന്റെ സ്വപ്നം തകരുകയും രണ്ടു ഡിവിഷന്‍ എന്നത് ഒന്നായി ചുരുങ്ങാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."