രാജഹംസത്തോട് ക്രൂരത: തെളിഞ്ഞത് ലക്ഷത്തോളം മെഴുകുതിരി ജ്വാലകള്‍
കോഴിക്കോട്: കടപ്പുറത്ത് എത്തിച്ചേര്‍ന്ന രാജഹംസത്തെ ആക്രമിച്ചു കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി ജില്ലയിലെ കുരുന്നുകള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ രൂപീകരിച്ച ഗ്രീന്‍ അംബാസിഡര്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇന്നലെ വൈകിട്ട് ഏഴു മുതല്‍ 7.15 വരെ വൈദ്യുതദീപങ്ങള്‍ അണച്ച് വീടിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പരീക്ഷ കാലമായതിനാലാണ് മൗന പ്രതിഷേധ മാര്‍ഗം സ്വീകരിച്ചത്.
ജില്ലയിലെ 4500 ഗ്രീന്‍ അംബാസിഡര്‍മാരുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ വീടുകളില്‍ മെഴുകുതിരി കത്തിച്ചു. ഇത്തരം സംഭവങ്ങള്‍ക്കെതിരേ മനസാക്ഷി ഉണര്‍ത്താന്‍ ഉദ്ദേശിച്ചായിരുന്നു പ്രതിഷേധം. വിദ്യാര്‍ഥികളോടൊപ്പം മറ്റു സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സഹകരിച്ച് വൈദ്യുതദീപങ്ങള്‍ അണച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കവയത്രി സുഗതകുമാരി, ചരിത്രകാരന്‍ എം. ജി.എസ് നാരായണന്‍, തായാട്ട് ബാലന്‍, കവി പി.കെ ഗോപി തുടങ്ങിയവര്‍ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി കത്തിച്ചു. വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇ.കെ സുരേഷ് കുമാര്‍, പ്രൊഫ. ശോഭീന്ദ്രന്‍, സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, അബ്ദുല്ല സല്‍മാന്‍, വി. ഷീജ, ഷൗക്കത്തലി എരോത്ത്, ഇ.എം രാജന്‍, ടി.എന്‍.കെ നിഷ, സില്‍വി സെബാസ്റ്റ്യന്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."