ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മോഷണം: നെറ്റ്‌വര്‍ക്ക് ഉടമ അറസ്റ്റില്‍
ചെറുതോണി: റിലയന്‍സ് ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലാ കടപ്പാട്ടൂര്‍ പുളിമൂട്ടില്‍ മാത്യുവിന്റെ മകന്‍ ബിജു മാത്യുവിനെയാണ് (39) ഇടുക്കി പൊലിസ് പിടികൂടിയത്.
വാഴത്തോപ്പില്‍ 4116 മീറ്റര്‍ കേബിളുകള്‍ മോഷ്ടിച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കേബിള്‍ നെറ്റ് വര്‍ക്കില്‍ ഉപയോഗിച്ചതായാണു പരാതി.
റിലയന്‍സ് ജിയോയുടെ ഒപ്റ്റിക്കല്‍ കേബിള്‍ മോഷ്ടിച്ച് സ്വന്തമായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കേബിളുകള്‍ 19 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപയോഗിച്ചതായി എസ്.ഐ ടി.സി മുരുകന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കണ്ടെത്തി. ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ഉയര്‍ന്ന നിലവാരമുള്ള കേബിളുകളായിരുന്നു ഇത്. ലൈനില്‍ വലിച്ചു ബാക്കിയായ കേബിള്‍ ഇയാളുടെ പ്രൈം മീഡിയ അസോസിയേറ്റ്‌സ് എന്ന കേബിള്‍ നെറ്റ് വര്‍ക്ക് ഓഫിസിന്റെ മുറ്റത്തുനിന്ന് കണ്ടെടുത്തു.
ബിജു കുറ്റം സമ്മതിച്ചതായും മോഷണത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായും പൊലിസ് പറഞ്ഞു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എ.എസ്.ഐ രഘുവരന്‍, സി.പി.ഒമാരായ അജിത് ജോര്‍ജുകുട്ടി, റാള്‍സ് തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."