പ്രതികളെ തേടി കേരളത്തിലടക്കം നോട്ടിസ് പതിക്കാന്‍ യു.പി പൊലിസ് നീക്കം
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ നടന്ന വന്‍ പ്രക്ഷോഭങ്ങള്‍ക്കു പിന്നിലും മലയാളികളെന്ന് ഉത്തര്‍പ്രദേശ് പൊലിസ്. കാണ്‍പൂരില്‍ പ്രതിഷേധങ്ങള്‍ക്കിടെ നടന്നെന്നു പറയുന്ന അക്രമസംഭവങ്ങളില്‍ മലയാളികള്‍ക്കു പങ്കുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായാണ് യു.പി പൊലിസ് വ്യക്തമാക്കുന്നത്.
ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേരളത്തിലും നോട്ടിസ് പതിക്കാനൊരുങ്ങുകയാണ് യു.പി പൊലിസ്. പ്രതിഷേധക്കാരെ കണ്ടെത്തിനല്‍കുന്നവര്‍ക്കു നേരത്തേതന്നെ പൊലിസ് ഇനാം പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ് യു.പി പൊലിസിന്റെ അവകാശവാദം.
ഉത്തര്‍പ്രദേശിലെ ആളുകള്‍ക്കു പുറമേ, പ്രതിഷേധങ്ങളില്‍ കേരളം, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ളവരും പങ്കെടുത്തെന്നാണ് പൊലിസ് പറയുന്നത്. കാണ്‍പൂരിലടക്കം ഉത്തര്‍പ്രദേശില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ യു.പി സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലിസ് വെടിവയ്പില്‍ സംസ്ഥാനത്ത് ഇരുപതിലേറെ പേരാണ് കൊല്ലപ്പെട്ടിരുന്നത്. വെടിവയ്പ് നടത്തിയിട്ടില്ലെന്ന് ആദ്യം അവകാശപ്പെട്ടിരുന്ന പൊലിസ്, പിന്നീട് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിലപാട് മാറ്റിയിരുന്നു.
പ്രതിഷേധങ്ങള്‍ക്കിടെ മുസ്‌ലിം വിഭാഗത്തോടു പാകിസ്താനിലേക്കു പോകാനാവശ്യപ്പെടുന്ന മീററ്റ് സിറ്റി പൊലിസ് സൂപ്രണ്ടിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."