ഇന്നിങ്‌സ് ജയം; ഇന്ത്യക്ക് പരമ്പര
കൊളംബൊ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരിന്നിങ്‌സിനും 53 റണ്‍സിനും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 183 റണ്‍സില്‍ അവസാനിപ്പിച്ച് അവരെ ഫോളോ ഓണ്‍ ചെയ്യിച്ച ഇന്ത്യ ലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 386 റണ്‍സില്‍ പുറത്താക്കിയാണ് തകര്‍പ്പന്‍ വിജയം പിടിച്ചത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സെഞ്ച്വറി പ്രകടനങ്ങളുമായി നിറഞ്ഞു നിന്ന കരുണരത്‌നെ (141), കുശാല്‍ മെന്‍ഡിസ് (110) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ വിജയം വൈകിച്ചത്. ഇരുവരും മാത്രമാണ് ലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തത്. മുന്‍ നായകന്‍ മാത്യൂസ് (36), ഡിക്ക്‌വെല്ല (31) എന്നിവരും അല്‍പ്പനേരം പിടിച്ചു നിന്നു. മറ്റ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങനെ കാര്യമായി ചെറുക്കാന്‍ സാധിച്ചില്ല.
ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ അഞ്ചും ജഡേജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ജഡേജ അഞ്ചും അശ്വിന്‍ രണ്ടും വിക്കറ്റുകളാണ് പിഴുതത്. പിച്ചിന്റെ ആനുകൂല്യം ഇന്ത്യയുടെ സ്പിന്‍ ദ്വയങ്ങള്‍ ശരിക്കും മുതലെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ട് ഇന്നിങ്‌സിലുമായി ലങ്കയുടെ 20 വിക്കറ്റില്‍ 14ലും പങ്കിട്ടു. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ജഡേജയാണ് കളിയിലെ കേമന്‍.
നേരത്തെ പൂജാര (133), രഹാനെ (132) എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങളും ജഡേജ (70), സാഹ (67), രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ജഡേജയ്ക്ക്
സസ്‌പെന്‍ഷന്‍
കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജഡേജ കളിക്കില്ല. സസ്‌പെന്‍ഷനെ തുടര്‍ന്നാണ് താരം പുറത്തായത്. കഴിഞ്ഞ 24 മാസത്തിനിടെ ആറ് ഡിമെറിറ്റ് പോയിന്റുകള്‍ നേടിയതിനെ തുടര്‍ന്നാണ് താരത്തിന് സസ്‌പെന്‍ഷന്‍. മൂന്ന് ഡിമെറിറ്റ് പോയിന്റുകള്‍ നേടിയതിനെ തുടര്‍ന്ന് 50 ശതമാനം പിഴയുമായാണ് താരം ലങ്കന്‍ പര്യടനത്തിനെത്തിയത്. രണ്ടാം ടെസ്റ്റില്‍ താരം അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതോടെ മൂന്ന് ഡിമെറിറ്റ് പോയിന്റുകള്‍ കൂടി വന്നതോടെയാണ് സസ്‌പെന്‍ഷന്‍. പല്ലെകീലില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് കളിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."