തിരിച്ചുകയറാന്‍ കോടതി ഉത്തരവുമായെത്തിയ ജനറല്‍ മാനേജരെ'നിലംതൊടീക്കാതെ'എം.ഡി
തൊടുപുഴ: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്പിന്നിങ് മില്ലില്‍ പുനഃപ്രവേശിക്കാന്‍ ഹൈക്കോടതി ഉത്തരവുമായെത്തിയ ജനറല്‍ മാനേജരെ നിലംതൊടീക്കാതെ മാനേജിങ് ഡയരക്ടര്‍. അഞ്ചുവര്‍ഷത്തെ തുടര്‍ച്ചയായ നിയമ പോരാട്ടത്തിന് ഒടുവില്‍ ഹൈക്കോടതി ഉത്തരവുമായി ശനിയാഴ്ച എത്തിയ ആര്‍. ജയകൃഷണന്‍ നായരെയാണ് തൃശൂര്‍ സ്പിന്നിങ് മില്ലില്‍ ജോയിന്‍ ചെയ്യാന്‍ അനുവദിക്കാതെ എം.ഡി യുടെ നിര്‍ദേശപ്രകാരം ഫിനാന്‍സ് ഓഫിസറും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് കൈയേറ്റം ചെയ്ത് ഗേറ്റിന് പുറത്താക്കിയത്.
സാരമായി പരുക്കേറ്റ ജയകൃഷ്ണന്‍ നായര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഇദ്ദേഹത്തെ തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രിയിലേക്ക് റഫല്‍ ചെയ്തു.
ആര്‍. ജയകൃഷ്ണന്‍ നായരെ തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ജസ്റ്റിസ് പി.വി ആശ കഴിഞ്ഞ 14 നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാന ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് കേസില്‍ ഏതിര്‍കക്ഷികള്‍.
വിഷയം ഇന്ന് അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജയകൃഷ്ണന്‍ നായര്‍ പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിക്കും. 2013 ഒക്‌ടോബര്‍ വരെ ആലപ്പുഴ മില്ലിന്റെ ജി.എം ആയിരുന്ന ജയകൃഷണന്‍ നായര്‍, ഫാക്ടറിയുടെ അച്ചടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ ട്രേഡ് യൂനിയനുകളുമായി നിരന്തരം പ്രശ്‌നങ്ങളിലായിരുന്നു. ആറുപേരുടെ പിന്‍വാതില്‍ നിയമനാവശ്യം അക്കാലത്തെ ചെയര്‍മാന്‍ ഉന്നയിച്ചെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല.
അതിനാല്‍ ട്രേഡ് യൂനിയനെ വച്ച് തൊഴില്‍ സമരം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. സമരം തുടങ്ങിയതോടെ വ്യാപകമായി വ്യാജ പരാതികള്‍ നല്‍കിയും വ്യവസായ വകുപ്പില്‍ സ്വാധീനം ചെലുത്തിയും ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യിപ്പിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടേഷനിലൂടെ മലപ്പുറം സ്പിന്നിങ് മില്‍ തലപ്പത്തുള്ള പി.എസ് ശ്രീകുമാര്‍ ആലപ്പുഴ മില്ലിന്റെ സി.ഇ.ഒ തസ്തികയില്‍ ചുമതലയേറ്റു.
തുടര്‍ന്ന് തിരക്കഥ പ്രകാരമുള്ള തൊഴില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പി.എസ് ശ്രീകുമാറാണ് ഇപ്പോള്‍ തൃശൂര്‍ സ്പിന്നിങ് മില്‍ എം.ഡി യുടെ ചുമതല വഹിക്കുന്നത്.
ജയകൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണമാവശ്യപ്പെട്ട് പി.എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് വര്‍ഷം നീണ്ടുനിന്ന വിജിലന്‍സ് അന്വേഷണത്തിന് ഒടുവില്‍ വിശദമായ റിപ്പോര്‍ട്ട് വ്യവസായ വകുപ്പിനു സമര്‍പ്പിച്ചു.
അനധികൃത സ്വത്ത് സമ്പാദ്യം ഇല്ലെന്നും ഒരു നടപടിയും ശുപാര്‍ശചെയ്യുന്നില്ലെന്നും അറിയിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ശ്രീകുമാറും കൂട്ടാളികളും ആലപ്പുഴ മില്ലിലെ ജി.എം തസ്തിക തട്ടിയെടുക്കുവാനും സ്പിന്നിങ് മില്‍ മേഖലയില്‍ നിന്ന് തന്നെ ഇല്ലാതാക്കാനും നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജയകൃഷ്ണന്‍ നായര്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."