അഫ്ഗാനിസ്ഥാനില്‍ ഭീകര ആക്രമണത്തില്‍ 50 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദി ആക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സാര്‍ ഇ പുള്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.
ഇവിടെ സയാദ് ജില്ലയിലെ പൊലിസ് ചെക്ക് പോയിന്റ് സ്ഥിതി ചെയ്യുന്ന മിര്‍സ ഒലാങ് മേഖലയിലാണ് സംഭവം. സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ക്ക് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. താലിബാന്-ഐ.എസ് തീവ്രവാദി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു.
പ്രദേശത്തെ 30 വീടുകള്‍ക്ക് തീവ്രവാദികള്‍ തീയിട്ടതായും ഗവര്‍ണര്‍ അറിയിച്ചു. ശീഈ മുസ്ലിംകള്ക്ക് ഭൂരിപക്ഷമുള്ള മേഖലയാണിത്.
ഗ്രാമത്തിലേക്കെത്തിയ തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഗ്രാമവാസികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഏഴ് അഫ്ഗാന് പട്ടാളക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു.
അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനി ആക്രമണത്തെ അപലപിച്ചു. അതേസമയം ഗ്രാമവാസികള്‍ കൊല്ലപ്പെട്ടെന്ന ഗവര്‍ണറുടെ പ്രസ്താവന നിഷേധിച്ചുകൊണ്ട് താലിബാന് രംഗത്തെത്തി.
സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിലെ 28 പേരാണ് കൊല്ലപ്പെട്ടതെന്നാണ് താലിബാന്റെ വിശദീകരണം. ദിവസവും നിരവധി ആക്രമണ സംഭവങ്ങളാണ് അഫ്ഗാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞയാഴ്ച അഫ്ഗാനിലെ ശിഈ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
യു.എന്നിന്റെ കണക്കനുസരിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ 1662 ഗ്രാമീണരാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 3581 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."