'ദൈവം രക്ഷിക്കട്ടെ, അവര്‍ പശുക്കള്‍ക്ക് വോട്ടവകാശം നല്‍കിയില്ലല്ലോ'
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. വാജ്‌പെയ് സര്‍ക്കാരിനെ പുകഴ്ത്തിയ അവര്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പു വിജയത്തില്‍ മാത്രമാണെന്നു പറഞ്ഞു. പശുക്കളുടെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ ബി.ജെ.പിയുടെ ആസൂത്രിത അജണ്ടയാണ്. 'ദൈവം രക്ഷിക്കട്ടെ, അവര്‍ പശുക്കള്‍ക്ക് വോട്ടവകാശം നല്‍കിയില്ലല്ലോ' എന്ന് മെഹബൂബ പരിഹസിച്ചു.
അതേസമയം ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് കശ്മരില്‍ ഭരണം നടത്തിയത് ആത്മഹത്യാപരമായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും അവര്‍ പറഞ്ഞു. കശ്മിര്‍ വിഷയം പരിഹരിക്കാന്‍ തയാറുള്ള ആരുമായും തന്റെ പാര്‍ട്ടി യോജിച്ച് നില്‍ക്കാന്‍ ഒരുക്കമാണെന്നും മെഹബൂബ പറഞ്ഞു.
'ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനെടുത്ത തീരുമാനം ആത്മഹത്യാപരമായിരുന്നു. തീരുമാനങ്ങളെടുക്കുന്നതില്‍ എനിക്കെന്റെ നിലപാട് ഉണ്ടായിരുന്നതിനാല്‍ രക്ഷപെട്ടു. കശ്മിരിലെ ജനങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ സഖ്യം ചേര്‍ന്നിട്ടും ഒന്നും ചെയ്യാനായില്ലെന്നോര്‍ക്കുമ്പോള്‍ നിരാശയുണ്ട് '- മെഹ്ബൂബ പറഞ്ഞു.
ബി.ജെ.പിയില്‍നിന്ന് തനിക്ക് ഒന്നും പഠിക്കാനായിട്ടില്ല. വാജ്‌പെയ് സര്‍ക്കാരിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴത്തെ മോദി സര്‍ക്കാര്‍.
വലിയ അന്തരമാണ് അന്നും ഇന്നും ഉള്ളത്. രാജ്യതന്ത്രജ്ഞനായിരുന്നു വാജ്‌പെയ്. ഇന്നത്തെ സര്‍ക്കാരിന് പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പുകളില്‍ എങ്ങനെയും ജയിച്ച് അധികാരത്തിലേറുകയെന്നല്ലാതെ മറ്റൊന്നും അവരുടെ അജണ്ടയിലില്ലെന്നും മെഹബൂബ ആരോപിച്ചു.
ഇന്ത്യാ-പാക് ചര്‍ച്ചകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുമ്പോള്‍ വീണ്ടും കാത്തിരിക്കുന്നതെന്തിനാണ്. ഇമ്രാന്‍ ഖാനെ മുന്‍ നിര്‍ത്തി സൈന്യമാണ് ഭരിക്കുന്നതെന്ന് പറയുന്നത് ശരിയാണെങ്കില്‍ സൈന്യത്തിന്റെ നിലപാട് തന്നെയാകും ഇമ്രാന്‍ പറയുന്നതെന്നും മെഹ്ബൂബ അഭിപ്രായപ്പെട്ടു.
കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യം പര്‍വേസ് മുഷറഫ് പ്രസിഡന്റായിരുന്ന കാലം ആയിരുന്നെന്ന് മെഹ്ബൂബ പറഞ്ഞു. അന്ന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാകുകയും മുസാഫര്‍ബാദിലേക്കുള്ള പാത തുറന്നുകിടക്കുകയുമായിരുന്നെന്നും അവര്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."