എച്ച്.എല്‍.എല്‍ സ്വകാര്യവല്‍ക്കരണം ശക്തമായി നേരിടും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: എച്ച്.എല്‍.എല്‍ സ്വകാര്യവത്കരണത്തിനെതിരേ രാഷ്ട്രീയം മറന്ന് എല്ലാവരും പ്രതിഷേധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എച്ച്.എല്‍.എല്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി, ഐ.എന്‍.റ്റി.യു.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ തുടങ്ങാന്‍ ഏക്കറിന് ഒരു രൂപാ വിലയ്ക്കാണ് കേരള സര്‍ക്കാര്‍ സ്ഥലം നല്‍കിയത്. സര്‍ക്കാരിന്റെ അഭിപ്രായമോ സമ്മതമോ ചോദിക്കാതെ ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ മൂന്നോട്ട് പോയാല്‍ ശക്തമായി എതിര്‍ക്കും. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, വൈക്കം എച്ച്.എന്‍.എല്‍ എന്നിവയുടെ ഓഹരികള്‍ വിറ്റത് സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ്.
തൊഴിലാളികള്‍ നടത്തുന്ന സമരത്തിനു പ്രതിപക്ഷത്തിന്റെ പുര്‍ണ പിന്തുണയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. എ.സമ്പത്ത് എം.പി, വി.ഡി സതീശന്‍ എം.എല്‍.എ, പാലോട് രവി, കെ.പി. ശങ്കരദാസ്, വി.ആര്‍ പ്രതാപന്‍, സംഘടനാ നേതാക്കളായ നന്ദകുമാര്‍, അജയ് കെ.പ്രകാശ്, ജയകുമാര്‍, നിസാര്‍ അഹമ്മദ്, ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."