ജി.എസ്.ടി വന്നിട്ടും വില കുറഞ്ഞില്ല: ധനമന്ത്രി
തിരുവനന്തപുരം: ജി.എസ്.ടി വന്നിട്ടും സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഇ.പി ജയരാജന്‍, വി.കെ.സി മമ്മദ് കോയ, പി.കെ ശശി, മഞ്ഞളാംകുഴി അലി, വി.ഡി സതീശന്‍,എ.എം ആരിഫ്, പി.സി ജോര്‍ജ്, രമേശ് ചെന്നിത്തല എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഒരു കാരണവശാലും എം.ആര്‍.പിക്ക് മുകളില്‍ ജി.എസ്.ടി അനുവദിക്കില്ല. ഇത് ലംഘിച്ച നാല്‍പതോളം പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള സ്‌റ്റോക്കിന്റെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ല. പുതിയ സ്റ്റോക്ക് വരുമ്പോള്‍ നികുതിയില്‍ ആനുപാതികമായി കുറവുണ്ടാകണം. ഇത് പാലിച്ചില്ലെങ്കില്‍ കൊള്ളലാഭം തടയല്‍ വ്യവസ്ഥ പ്രകാരം നടപടിയെടുക്കും.
ജി.എസ്.ടിയുടെ ഭാഗമായ ആന്റി പ്രോഫിറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിലെ കുറവും വ്യാപാരികള്‍ക്ക് ലഭിക്കുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ആനുപാതിക ആനുകൂല്യവും ഉപഭോക്താവിന് വിലക്കുറവിലൂടെ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഒരു ചെയര്‍മാനും നാല് ടെക്‌നിക്കല്‍ അംഗങ്ങളും ചേര്‍ന്നതാണ് അതോറിറ്റി. ഇതിനു പുറമെ ഇക്കാര്യം പരിശോധിക്കാനുള്ള സ്റ്റാന്റിങ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ സ്‌ക്രീനിങ് കമ്മിറ്റികളും ഉണ്ട്. സംസ്ഥാന തലത്തില്‍ ലഭിക്കുന്ന ഉപഭോക്താക്കളുടെ പരാതികള്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സ്റ്റാന്റിങ് കമ്മിറ്റിക്കു നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ വിലയില്‍ കുറവു വരുത്താനും കൈമാറ്റം ചെയ്യപ്പെടാത്ത ആനുകൂല്യങ്ങള്‍ 18 ശതമാനം പലിശ നിരക്കില്‍ ഉപഭോക്താവിന് നല്‍കുവാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും അധികാരമുണ്ട്. ഇതിനു പുറമെ പിഴയും ജി.എസ്.ടി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള ഉത്തരവും നല്‍കും.
നിര്‍മാണ വസ്തുക്കളായ ഹോളോബ്രിക്‌സ്, ഫ്‌ളോര്‍ ടൈല്‍സ് എന്നിവയുടെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറക്കാന്‍ സെപ്റ്റംബര്‍ 9ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ സംസ്ഥാനം ആവശ്യപ്പെടുമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
സിനിമാ തിയേറ്ററുകളില്‍ നേരത്തെ 25 ശതമാനമായിരുന്നു നികുതി. പുതിയ വ്യവസ്ഥ പ്രകാരം 18 ശതമാനമാണ് ജി.എസ്.ടി വരേണ്ടത്. എന്നാല്‍ പഴയ നിരക്കിനൊപ്പം 18 ശതമാനം ജി.എസ്.ടി കൂടി ഈടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."