ഇനി സൈക്കിളില്‍ ചുറ്റിക്കാണാം, തീരസൗന്ദര്യം
മലബാറിലെ ആദ്യ സൈക്കിള്‍ ട്രാക്ക് കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒരുങ്ങുന്നു
കോഴിക്കോട്: മലബാറിലെ ആദ്യ സൈക്കിള്‍ ട്രാക്ക് കോഴിക്കോട് സൗത്ത് ബീച്ചിനരികില്‍ ഒരുങ്ങുന്നു. നവീകരിച്ച സൗത്ത് ബീച്ചിനു തെക്കുഭാഗത്ത് പള്ളിക്കണ്ടി കോതി പാലത്തിനു സമാന്തരമായി ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് ഇരുവശത്തും നടപ്പാതയോടു കൂടിയ സൈക്കിള്‍ ട്രാക്ക് നിര്‍മിക്കുന്നത്.
മൂന്നു മീറ്ററോളമാണ് ട്രാക്കിന്റെ വീതി. പുരോഗമിച്ചു കൊണ്ടിരിക്കുന്ന ട്രാക്കിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് കടപ്പുറത്തെ പ്രധാന ആകര്‍ഷണമായി ഈ തീരദേശ റോഡ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാക്കിനുള്ളില്‍ തന്നെ സൈക്കിള്‍ തിരിക്കാനായി വിവിധയിടങ്ങളില്‍ റൗണ്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടു സൈക്കിളുകള്‍ക്ക് എതിര്‍ദിശകളില്‍ ഒരേ സമയം കടന്നുപോകാനുള്ള വിധത്തിലാണു നിര്‍മാണം. ട്രാക്കിന്റെ പെയിന്റിങ്ങും നടപ്പാതകളില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകാനുള്ള പ്രവൃത്തി കൂടിയേ ഇനി ബാക്കിയുള്ളൂ. അതുകൂടി പൂര്‍ത്തിയാക്കിയാല്‍ അടുത്ത ജനുവരിയില്‍ തന്നെ ട്രാക്ക് ഉപയോഗിക്കാം.
ഡോ. എം.കെ മുനീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നര കോടി രൂപ ഉപയോഗിച്ചാണു ട്രാക്കിന്റെ നിര്‍മാണം. പൊതുമരാമത്ത് വകുപ്പാണു നിര്‍മാണപ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രവൃത്തി തുടങ്ങിയെങ്കിലും പ്രളയവും നിപയും കാരണം നീണ്ടുപോവുകയായിരുന്നു.
കൂടാതെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തിരിച്ചടിയായി. ട്രാക്കിനു സമീപത്തായി കാമറകളും ഉടന്‍ സ്ഥാപിക്കും. സൗത്ത് ബീച്ചില്‍ സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായതോടെ നിരവധി സന്ദര്‍ശകരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ട്രാക്കിന്റെ പ്രവൃത്തികൂടി പൂര്‍ത്തിയാകുന്നതോടെ സന്ദര്‍ശകരുടെ എണ്ണവും വര്‍ധിക്കുമെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."