ചികിത്സ കിട്ടാതെ യുവാവിന്റെ മരണം ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു
കൊല്ലം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി ആശുപത്രികളില്‍നിന്നു ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് സ്വകാര്യ ആശുപത്രിയിലെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. പൊലിസ് ആംബുലന്‍സ് സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തിയിരുന്നു. ആംബുലന്‍സ് ആദ്യം എത്തിയ സ്വകാര്യ മെഡിക്കല്‍ കോളജില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ഇവിടെ ഡോക്ടര്‍ ആംബുലന്‍സില്‍ കയറി നോക്കാതെ തിരികെ പറഞ്ഞയക്കുന്നതായ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ചു ആശുപത്രികളിലും എത്തി പൊലിസ് ബന്ധപ്പെട്ടവരില്‍നിന്നു മൊഴിയെടുത്തിരുന്നു. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണസംഘത്തിന് വിശദീകരണവും നല്‍കി. സംഭവത്തിന്റെ എല്ലാവശവും വിശദമായി വിലയിരുത്തി വ്യക്തമായ റിപ്പോര്‍ട്ടാണ് പൊലിസ് മനുഷ്യാവകാശ കമ്മിഷനും ഉന്നതര്‍ക്കും സമര്‍പ്പിക്കുക. കൊട്ടിയം സി.ഐ അജയ്‌നാഥിനാണ് അന്വേഷണ ചുമതല. ഞായറാഴ്ച രാത്രി കൊല്ലത്ത് ചാത്തന്നൂരിനു സമീപമാണ് മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊല്ലം അസീസിയ, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം എസ്.യു.ടി എന്നീ ആശുപത്രികള്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."