സര്‍ഗാലയയില്‍ കലാകരകൗശല മേളക്ക് പ്രൗഢതുടക്കം
പയ്യോളി: മലബാറിലെ എട്ടു നദികളൈ ബന്ധിപ്പിച്ച് മലനാട് റിവര്‍ ക്രൂയിസ് എന്ന പേരില്‍ 305 കോടി രൂപയുടെ പദ്ധതി ആരംഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇരിങ്ങല്‍ സര്‍ഗാലയയില്‍ എട്ടാമത് അന്താരാഷ്ട്ര കലാ കരകൗശലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര വികസനരംഗത്ത് എന്നും അവഗണിക്കപ്പെട്ട മലബാറിനു പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സര്‍ഗാലയ കേരളത്തിന്റെ കരകൗശല വിദ്യയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജനുവരി ഏഴുവരെ നീളുന്ന മേളയില്‍ 250 സ്റ്റാളുകളാണുള്ളത്. ഭൂട്ടാന്‍, നേപ്പാള്‍, ഉസ്ബക്കിസ്ഥാന്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 12 കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. 21 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധരും മേളയുടെ ഭാഗമാണ്. സ്ഥിരം ആര്‍ട്ടിസാന്‍മാരും ദേശീയ, അന്തര്‍ ദേശീയ അവാര്‍ഡ് ജേതാക്കളും ഉള്‍പ്പെടെ 500ഓളം കലാകാരമ്മാരും ഉണ്ടാകും. സാംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള റൂറല്‍ ആര്‍ട്ട് ഹബ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 20 പൈതൃകകൈത്തറി ഗ്രാമ പവിലിയനും മേളയുടെ ഭാഗമായി ഒരുങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."