മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു ചോദിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മുരുകന്റെ കുടുംബത്തോട് കേരളം മാപ്പ് ചോദിക്കുന്നതായി മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഖേദപ്രകടനം നടത്തിയത്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത് ക്രൂരമാണ്. ചികിത്സ നിഷേധിക്കുന്ന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വേണമെങ്കില്‍ നിയമം പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നിലവിലുള്ള മെഡിക്കല്‍ ധാര്‍മികതയ്ക്ക് വിരുദ്ധമായിട്ടാണ് സ്വകാര്യ ആശുപത്രികള്‍ മുരുകനോട് പെരുമാറിയതെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് ഇന്ന് കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.
വാഹനാപകടത്തില്‍പ്പെട്ട നാഗര്‍കോവില്‍ സ്വദേശി മുരുകന്‍(37) എന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണു ചികിത്സകിട്ടാതെ ദാരുണാന്ത്യമുണ്ടായത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ദേശീയപാതയില്‍ ഇത്തിക്കരയിലായിരുന്നു അപകടം.
അപകടസ്ഥലത്ത് ഓടിക്കൂടിയവര്‍ മുരുകനെ കിംസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ തൊട്ടടുത്തുള്ള മെഡിട്രീന ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ന്യൂറോ സര്‍ജന്‍ ഇല്ലെന്ന കാരണം പറഞ്ഞ് ഇവിടെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.
പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് ഉള്ളൂര്‍ എസ്.യുടി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെയും ന്യൂറോ സര്‍ജന്‍ ഇല്ലെന്ന കാരണത്താല്‍ തിരിച്ചയച്ചു. വീണ്ടും തിരിച്ച് കൊല്ലത്തെ അസീസിയ ആശുപത്രിയില്‍ എത്തിച്ചു.
അവിടെയും സര്‍ജന്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വീണ്ടും മെഡിസിറ്റി ആശുപത്രിയുമായി ബന്ധപ്പെട്ടു. എന്നാല്‍ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആംബുലന്‍സ് ജീവനക്കാര്‍ കൂടെ നില്‍ക്കാമെന്ന് അറിയിച്ചെങ്കിലും സമ്മതിച്ചില്ല. ഒടുവില്‍ ആംബുലന്‍സില്‍ വച്ച് മുരുകന്‍ മരിക്കുകയായിരുന്നു.
പുലര്‍ച്ചെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കു മരണം സ്ഥിരീകരിച്ചു. ഏഴര മണിക്കൂറാണ് ഈ യുവാവ് മരണത്തോട് മല്ലിട്ട് ആംബുലന്‍സില്‍ കിടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."