ദമ്പതികളെ അക്രമിച്ച് കവര്‍ച്ച; മുഖ്യപ്രതിയെ കണ്ണൂരിലെത്തിച്ചു
കണ്ണൂര്‍: താഴെചൊവ്വ ഉരുവച്ചാലില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും അക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യപ്രതിയെ കണ്ണൂരില്‍ എത്തിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തിലാണ് ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ബിലാലിനെ (42) പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.
ഡല്‍ഹിയില്‍നിന്ന് ഹൗറയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ സീമാപുരയില്‍ വച്ചാണ് സിറ്റി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ജില്ലാ പൊലിസ് ചീഫ് ജി. ശിവവിക്രത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ നിന്നു പൊലിസ് സംഘം കഴിഞ്ഞദിവസം ഡല്‍ഹിക്കു പുറപ്പെട്ടത്.
ഡല്‍ഹി കേന്ദ്രീകരിച്ച സംഘത്തിനു മുഖ്യപ്രതി സീമാപുരയിലുള്ളതായി സൂചന ലഭിച്ചു. തുടര്‍ന്നു പൊലിസ് സംഘം അവിടേക്കു പുറപ്പെട്ടെങ്കിലും ഇയാള്‍ ട്രെയിനില്‍ ഹൗറയിലേക്കു പോയി. ഇതിനിടിയില്‍ പൊലിസ് സംഘവും ട്രെയിനില്‍ കയറി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."