മുഖാവരണത്തിനെതിരേ ഡി.വൈ.എഫ്.ഐയുടെ ബോര്‍ഡ്; വിവാദമായപ്പോള്‍ നീക്കി
കോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണത്തെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐയുടെ ബോര്‍ഡ്. കോഴിക്കോട് പാറോപ്പടിയില്‍ 15ന് ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'യുവജന പ്രതിരോധം' പരിപാടിയുടെ പ്രചാരണ ബോര്‍ഡിലാണ് വിവാദ പരാമര്‍ശമുള്ളത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അബോയ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടിയുടെ ബോര്‍ഡ് ഡി.വൈ.എഫ്.ഐ പാറോപ്പടി യൂനിറ്റിന്റെ പേരിലാണ് സ്ഥാപിച്ചിരിക്കുന്നത്.
'നായ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടാറുള്ളത് നായയെ ആണ്, മനുഷ്യരെ അല്ല. കണ്ടു പോയാല്‍ നിയന്ത്രണം വിടുമെങ്കില്‍ മൂടി വയ്‌ക്കേണ്ടത് പുരുഷന്റെ കണ്ണുകളെയാണ്, അല്ലാതെ സ്ത്രീയുടെ മുഖമല്ല' എന്ന കുറിപ്പിനൊപ്പം മുഖാവരണമുള്ള സ്ത്രീയുടെ പടവുമുണ്ട്. ബോര്‍ഡ് വിവാദമാവുകയും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. ബോര്‍ഡ് തങ്ങള്‍ സ്ഥാപിച്ചതല്ലെന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്. പരിപാടിയുടെ പ്രചരണാര്‍ഥം ബ്ലോക്കിലെ 128 യൂനിറ്റിലും ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. എന്നാല്‍ പാറോപ്പടിയില്‍ യൂനിറ്റിന്റേതെന്ന പേരില്‍ പര്‍ദ്ദയിട്ട സ്ത്രികളുടെ ചിത്രംവച്ച് ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെടുകയുണ്ടായി. ബോര്‍ഡുമായി ഡി.വൈ.എഫ്.ഐയുടെ യൂനിറ്റിന് ബന്ധമില്ല. വസ്ത്രവും ഭക്ഷണവും തിരഞ്ഞെടുക്കല്‍ ജനങ്ങളുടെ അവകാശമാണെന്ന് നിലപാടുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ എന്നും ടൗണ്‍ ബ്ലോക്ക് സെക്രട്ടറി കെ. അരുണ്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."