സ്‌കൂളുകളില്‍ ഇനി കച്ചവടം വേണ്ട; വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം വീണ്ടും
എടച്ചേരി: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന കച്ചവടം പാടില്ലെന്ന് സര്‍ക്കാര്‍. നേരത്തെ ഈ ഉത്തരവ് നിലവിലുണ്ടെങ്കിലും പല സ്‌കൂളുകളിലും സ്വകാര്യ കച്ചവടക്കാര്‍ കയറിയിറങ്ങി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
പുസ്തകങ്ങള്‍, മാജിക് ഉപകരണങ്ങള്‍, മറ്റു സാമഗ്രികള്‍ തുടങ്ങിയവ വില്‍പന നടത്താനും, ഓര്‍ഡറുകള്‍ സ്വീകരിക്കാനുമായി സ്‌കൂളുമായി യാതൊരു ബന്ധവുമില്ലാത്ത കച്ചവടക്കാര്‍ ക്ലാസുകളില്‍ കയറി തങ്ങളുടെ ഇടപാടുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് യാതൊരു കാരണവശാലും തുടരാന്‍ അനുവദിക്കരുതെന്നും പൊതുവിദ്യാഭ്യാസ കാര്യാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദമാക്കുന്നുണ്ട്.
ഇത്തരം കച്ചവടക്കാര്‍ കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സ്‌കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നതായും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ചില ജില്ലകളില്‍ ഇത്തരം കച്ചവടക്കാര്‍ ക്ലാസുകളിലെത്തി കുട്ടികളുടെ മേല്‍വിലാസം സംഘടിപ്പിച്ച് അവരുടെ വീടുകളിലെത്തുകയും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതാണെന്ന് തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ പുസ്തകങ്ങളും മറ്റ് സാമഗ്രികളും വില്‍പന നടത്തുകയും ചെയ്യാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."