അരുംകൊലയില്‍ ഞെട്ടിവിറച്ച് മണിയങ്കോട്
കല്‍പ്പറ്റ: മണിയങ്കോട് ഓടമ്പത്ത് റിസോട്ട് നടത്തിപ്പുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മണിയങ്കോട് ഗ്രാമം ഇനിയും മുക്തമായിട്ടില്ല. ഇന്നലെ രാവിലെയാണ് റിസോട്ട് നടത്തിപ്പുകാരനായ സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ വിന്‍സന്‍ സാമുവല്‍ എന്ന നെബു (53) കൊല്ലപ്പെട്ടത്. ചുറ്റും ജനവാസമുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റിസോട്ടില്‍ നിന്നും ജീവനക്കാരന്റെ നിലവിളി കേട്ടാണ് സമീപ വാസികള്‍ ഓടികൂടിയത്. റിസോട്ടിന് നൂറ് മീറ്റര്‍ അകലെ മുതല്‍ രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ടു. തുടര്‍ന്നാണ് റിസോട്ടിലെ ഹട്ടില്‍ ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതോടെ പൊലിസ് സ്ഥലത്തെത്തി. നേരത്തെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോട്ട് ഈ അടുത്ത കാലത്തായി അടഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്നാണ് ലീസ് വ്യവസ്ഥയില്‍ വിന്‍സന്റ് റിസോട്ട് നടത്തിപ്പിനായി ഏറ്റെടുക്കുന്നത്. റിസോട്ടില്‍ നവീകരണ പ്രവൃത്തികള്‍ നടന്നു വരികയായിരുന്നു. ആഴ്ചകള്‍ക്കകം തുറന്ന് പ്രവര്‍ത്തിപ്പിക്കാനിരിക്കെയാണ് കൊലപാതകം നടക്കുന്നത്. വിനോദ സഞ്ചാര മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് വിന്‍സന്റ് സാമുവല്‍. വയനാട് ടൂറിസം അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. മലവയലില്‍ അമിത കാഡില്‍ എന്ന റിസോട്ട് നടത്തിവരികയായിരുന്നു. അടഞ്ഞു കിടക്കുന്ന റിസോട്ടുകള്‍ ലീസ് വ്യവസ്ഥയില്‍ എടുത്ത് നല്ല നിലയില്‍ നടത്തി വരിയായിരുന്നു വിന്‍സന്റിന്റെ രീതി. ഇങ്ങനെയാണ് മണിയങ്കോട് ഓടമ്പത്ത് അടഞ്ഞ് കിടക്കുന്ന റിസോട്ട് ഏറ്റെടുക്കുന്നത്. റിസോട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ മൈസൂരുവില്‍ നിന്നും വാങ്ങി ഇന്നലെയാണ് സാമുവല്‍ റിസോട്ടില്‍ മടങ്ങിയെത്തിയത്. സാമുവല്‍ റിസോട്ടിലുണ്ടന്ന് ഉറപ്പ് വരുത്താനായി പ്രതി രാജു ആദ്യം സാമുവലിന്റെ മലവയലിലെ വിട്ടിലെത്തി പുതിയ റിസോട്ട് എവിടെയാണന്ന് ചോദിച്ചറിഞ്ഞ ശേഷം കൊലപ്പെടുത്തുകയെന്ന ലക്ഷ്യവുമായി റിസോട്ടിലെത്തുകയായിരുന്നു. പ്രതികളിലൊരാളായ അനിലിന്റെ പരുക്ക് സാരമുള്ളതെല്ലന്നാണ് ലഭിക്കുന്ന വിവരം. ഇന്നുച്ചയോടെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ
പ്രതി രാജുവിന്റെ ഭാര്യയുടെ നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ പ്രതികളായ രാജുവും സഹായി അനിലും രാവിലെ സ്വന്തം വാഹനത്തില്‍ റിസോട്ടിലെത്തി. അടഞ്ഞ് കിടന്നിരുന്ന ഗെയ്റ്റ് ചാടികിടന്ന് റിസോട്ടിനകത്തെത്തി. സ്ഥലത്തുണ്ടായിരുന്ന വിന്‍സന്റുമായി സംസാരം തുടങ്ങി. വാക്ക് തര്‍ക്കത്തിനിടെ മുന്‍കൂട്ടി കരുതിയ കത്തി ഉപയോഗിച്ച് വിന്‍സന്റിനെ കുത്തി വീഴ്ത്തി. മല്‍പിടുത്തത്തിനിടെ അനിലിനും കുത്തേറ്റു. പരുക്കേറ്റ അനിലും രാജുവും രക്തം ഒലിപ്പിച്ച് വാഹനം കയറി രക്ഷപ്പെടുകയായിരുന്നു. നിരന്തരമായി താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതന്ന് രാജു മൊഴി നല്‍കിയതായി കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."