മുറിക്കാതെ വഴിയില്ല; മുത്തശ്ശി മാവിന്റെ കടയ്ക്കലില്‍ മഴുവീഴും
കാക്കവയല്‍: പ്രായമേറെയായ മുത്തശ്ശി മാവ് ഇനി ഓര്‍മയിലേക്ക്. ദേശീയ പാതയോരത്തെ നാട്ടുകാരുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും മാവ് മുത്തശ്ശിയാണ് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചുമാറ്റാനൊരുങ്ങുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കാക്കവയല്‍ മുതല്‍ വാര്യാട് നഴ്‌സറിപ്പടിവരെ ഡ്രൈനേജ് പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഡ്രൈനേജ് കടന്നു പോകുന്ന ഭാഗത്തെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചെറുതും വലുതുമായ മരങ്ങളാണ് മുറിച്ച് മാറ്റുന്നത്. റോഡിലേക്ക് തൂങ്ങിനില്‍ക്കുന്ന അപകടത്തിനിടയാക്കുന്ന മരങ്ങളും, അടി മണ്ണ് നീങ്ങി കടപുഴകി വീഴാറായ മരങ്ങളും മുറിച്ചു മാറ്റുന്നതോടെ അപകട ഭീതിയൊഴിയുമല്ലോ എന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.
പ്രദേശവാസികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പടെ നിറയെ നാട്ടുമാങ്ങയുടെ രുചിയൊരുക്കിയ മാവുകളും മുറിച്ച് മാറ്റപ്പെടുന്നവയില്‍പ്പെടും. കാക്കവയല്‍-വാര്യാട് ഇറക്കത്തിലായി നില്‍ക്കുന്ന മാവ് മരങ്ങളാണ് മുറിച്ച് മാറ്റാനൊരുങ്ങുന്നത്. ഇവിടെ മഴ പെയ്താല്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളവും ചളിയും വെള്ളാരം കല്ലുകളും ഡ്രൈനേജിന്റെ അഭാവത്തില്‍ റോഡിലൂടെ ഒഴുകുകയാണ് പതിവ്. വെള്ളമൊഴിവായാലും ചളിയും കല്ലുകളും റോഡില്‍ അവശേഷിക്കും. ഇത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ ഇടയാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഡ്രൈനേജ് പ്രവര്‍ത്തി പുരോഗമിക്കുന്നത്. എന്നാല്‍ വൃക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി റോഡ് വികസനം നടത്തണമെന്ന് ആവശ്യപ്പെട്ട്പശ്ചിമഘട്ട സംരക്ഷണ സമിതിയും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."