അതിരപ്പിള്ളിക്ക് ആര് അനുമതി നല്‍കി?
അതിരപ്പിള്ളി പദ്ധതിക്ക് വ്യാപകമായ എതിര്‍പ്പുണ്ടായതിന്റെ പശ്ചാതലത്തില്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയൂവെന്നും കഴിഞ്ഞ ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞ വൈദ്യുതി മന്ത്രി എം എം മണി ഇരുട്ടി വെളുക്കും മുമ്പ് മാറ്റിപ്പറഞ്ഞിരിക്കുന്നു. ഒരു ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇവ്വിധം മറുപടി നല്‍കിയത്. സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും പരിസ്ഥിതി സംഘടനകളെയും വിസ്മയിപ്പിക്കുന്നതായി മന്ത്രിയുടെ ഉത്തരം. ഒരു ദിവസം കൊണ്ട് മന്ത്രി അഭിപ്രായം മാറ്റിപ്പറയണമെങ്കില്‍ എന്തൊക്കെയോ തിരിമറികള്‍ നടന്നിരിക്കണം.
പദ്ധതിനടപ്പാക്കാന്‍ ഒരുപാട് തടസ്സങ്ങള്‍ ഉണ്ടെന്നും അഭിപ്രായസമന്വയത്തിലൂടെ മാത്രമേ നടപ്പിലാക്കൂവെന്നും പറഞ്ഞ മന്ത്രി അടുത്തദിവസം തന്നെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്ന് പറയുന്നതിലെ ദുരൂഹത നീക്കേണ്ടതുണ്ട്. കേന്ദ്ര വൈദ്യുത അതോറിറ്റി, കേന്ദ്ര ജല കമ്മീഷന്‍, എന്നിവയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രിയുടെ നിലപാട്. ഇതുവരെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നാലുകോടി ചെലവായെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അറിയിച്ചിരുന്നുവെന്നും നഷ്ടപരിഹാരമായ അഞ്ചുകോടി നല്‍കിയെന്നുമാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിലെ യുക്തി എത്രയായിട്ടും മനസിലാകുന്നില്ല.
ഇതുവരെ വനം വകുപ്പോ പരിസ്ഥിതി വകുപ്പോ സാങ്കേതിക വകുപ്പോ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല. കേന്ദ്ര പരിസ്ഥിതി വകുപ്പ് പദ്ധതിക്ക് നല്‍കിയ അനുമതി ജൂലൈ 18ന് അവസാനിച്ചതാണ്. കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് ഒരു ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതുകൊണ്ട് പദ്ധതി നടപ്പാകുകയില്ല. പദ്ധതി പ്രദേശം ഇപ്പോഴും വനംവകുപ്പിന്റെ കീഴിലാണ്. അവരെ പ്രവര്‍ത്തനം തുടങ്ങിയതായി അറിയിച്ചുവെന്നാണ് മന്ത്രി പറയുന്നത്. അതില്‍ കാര്യമില്ല. പദ്ധതി തുടങ്ങാന്‍ അനുമതി ഉണ്ടോ എന്നതിലാണ് കാര്യം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന മന്ത്രിയുടെ വാക്കുകള്‍ വിശ്വസനീയമല്ല. പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയെന്നും പദ്ധതി നടപ്പിലാക്കുമെന്നും കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രി എം എം മണി നിയമസഭയില്‍ പറഞ്ഞപ്പോഴും പ്രധാന ഘടകകക്ഷിയായ സി.പി.ഐ പ്രതിഷേധിച്ചിരുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ സി.പി.എമ്മിന് തനിച്ച് ഇങ്ങനെയൊരു തീരുമാനം എടുക്കാനാവില്ലെന്നും പറഞ്ഞിരുന്നു. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു വകുപ്പ് നേരത്തെ കൈകാര്യം ചെയ്തിരുന്ന മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. തുള്ളിക്ക് ഒരു കുടം മഴ പെയ്തിരുന്ന കാലം ഓര്‍മയായിരിക്കുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ പോലും കാര്യമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. മഴയെ ആശ്രയിച്ചുള്ള വൈദ്യുത പദ്ധതികള്‍ ഭാവിയില്‍ വിജയിക്കണമെന്നില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതുമാണ്. 2025ല്‍ കടുത്ത ജല പ്രതിസന്ധി അനുഭവപ്പെടുന്ന 20 രാജ്യങ്ങളില്‍ ഇന്ത്യയും പെടുമെന്നാണ് പോപ്പുലേഷന്‍ ആക്ഷന്‍ ഇന്റര്‍നാഷനല്‍ എന്ന അമേരിക്കന്‍ സംഘടന പറയുന്നത്. 140 ഹെക്ടര്‍ വനഭൂമി വെള്ളത്തിലാകുന്ന, 42 ഏക്കര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റപ്പെടുന്ന പദ്ധതിക്ക് പരിസ്ഥിതി വകുപ്പ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ആ നിലയ്ക്ക് സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി. അവകാശ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. ഇതിനു മന്ത്രി മറുപടി പറയുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."