വിദ്യാര്‍ഥികളുടെ ബൈക്ക് സഫാരി: നടപടികളുമായി പൊലിസ് രംഗത്ത്
കൂറ്റനാട്: വിദ്യാര്‍ഥികളുടെ ബൈക്ക് സഫാരിക്കെതിരേ കര്‍ശന നടപടികളുമായി തൃത്താല, ചാലിശ്ശേരി പൊലിസ് രംഗത്ത്. ലൈസന്‍സില്ലാതെയും ഹെല്‍മറ്റില്ലാതെയും തിരക്കേറിയ പാതയില്‍ മരണപ്പാച്ചില്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലിസ് നടപടി കര്‍ശനമാക്കിയത്. നടപടികളുടെ ഭാഗമായി പ്രദേശത്തെ സ്‌കൂള്‍, കോളജ് പരിസരത്ത് രാവിലെയും വൈകുന്നേരവും പൊലിസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
മൂന്നുപേരെ കയറ്റിയ ബൈക്കുകള്‍ അമിതവേഗതയില്‍ പോകുന്നത് പൊതുജനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. കൂടാതെ സ്‌കൂള്‍ സമയങ്ങളില്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ ബൈക്കില്‍ അനാവശ്യ സഫാരികള്‍ നടത്തുന്നതായും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലിസ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ബൈക്ക് പരിശോധന കര്‍ശനമാക്കിയത്.
പരിശോധനയില്‍ പിടിക്കപ്പെട്ട ബൈക്കുകള്‍ ഓടിച്ചിരുന്ന പലരും പ്രായപൂര്‍ത്തിയാവാത്തവരും ലൈസന്‍സില്ലാത്തവരുമാണെന്ന് പൊലിസ് പറയുന്നു. നിയമം ലംഘിച്ച് മരണപ്പാച്ചില്‍ നടത്തുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."