ജനാധിപത്യത്തിന്റെയും പോപ്പുലിസത്തിന്റെയും വിചിത്രമായ കേസ്
സി .കെ ഫൈസല്‍ പുത്തനഴി
1886ല്‍ സ്‌കോട്ടിഷ് സാഹിത്യകാരനായ റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍ എഴുതിയ പ്രസിദ്ധമായ കൃതിയാണ് 'ഡോക്ടര്‍ ജെകെയ്‌ലിന്റെയും മിസ്റ്റര്‍ ഹൈഡിന്റെയും വിചിത്രമായ കേസ് ' എന്ന നോവല്‍. ഡോക്ടര്‍ ജെകെയ്ല്‍ എന്ന നല്ലവനായ വ്യക്തി തന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായ തിന്മകളെ വേര്‍തിരിച്ചെടുക്കുന്ന ഒരു ഔഷധം കണ്ടെത്തുന്നു. ജെ കെയ്‌ലിന്റെ വ്യക്തിത്വത്തിലെ തിന്മകള്‍ മിസ്റ്റര്‍ ഹൈഡ് എന്ന മനുഷ്യന്റെ രൂപം കൈക്കൊള്ളുന്നു. ഹൈഡ് കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടത്തുന്നു. ഡോക്ടര്‍ ജെകെയ്‌ലിന്റെ നിയന്ത്രണം മിസ്റ്റര്‍ ഹൈഡ് പിന്നെ കൈക്കലാക്കുന്നു. അവസാനം ഹൈഡിനെ നിയന്ത്രിക്കാനാവാതെ ജെകെയ്ല്‍ ആത്മഹത്യ ചെയ്യുന്നു.
ജനാധിപത്യം എന്ന രാഷ്ട്രീയ വ്യവസ്ഥയും അതിലൂടെ തന്നെ രൂപം കൊണ്ട പോപ്പുലിസം എന്ന സമകാലീന പ്രതിഭാസവും തമ്മിലുള്ള ബന്ധവും ഏറെക്കുറെ ജെകെയ്‌ലും ഹൈഡും തമ്മിലുള്ള ബന്ധത്തിനു സമാനമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളാണ് പോപ്പുലിസം എന്ന പ്രതിഭാസത്തിലൂടെ പുറത്തുചാടുന്നത്. ജനാധിപത്യത്തിലൂടെയാണ് പോപ്പുലിസം അധികാരാരോഹണം നടത്തുന്നത്. എന്നാല്‍ ക്രമാനുഗതമായി ജനാധിപത്യ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും പോപ്പുലിസം നിര്‍വീര്യമാക്കുന്നു. അവസാനം പോപ്പുലിസം, ജനാധിപത്യത്തെ തന്നെ ഗളഹസ്തം ചെയ്യും. അതിനാല്‍ തന്നെ ഏറെ ഗൗരവത്തോടെ പഠിക്കുകയും നേരിടുകയും ചെയ്യേണ്ട ഒരു പ്രതിഭാസമാണ് പോപ്പുലിസം .
പുരാതന ഗ്രീക്ക് ചിന്തകനായ പ്ലേറ്റോ 2400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജനാധിപത്യവ്യവസ്ഥയില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സാധാരണ ജനങ്ങള്‍ക്കു രാഷ്ട്രീയജ്ഞാനം കുറവായതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളുടെ വൈകാരിക ദൗര്‍ബല്യം ചൂഷണം ചെയ്യാനുള്ള സാധ്യത പ്ലേറ്റോ പ്രവചിച്ചിരുന്നു. തന്റെ 'റിപബ്ലിക്ക് ' എന്ന വിഖ്യാത കൃതിയില്‍ സ്വന്തം നേട്ടങ്ങളെപ്പറ്റി പൊങ്ങച്ചം പറയുന്ന, മിതത്വമില്ലാത്ത നേതാക്കള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഉയര്‍ന്നുവരാമെന്ന് പ്ലേറ്റോ അഭിപ്രായപ്പെടുന്നുണ്ട്. പ്ലേറ്റോയുടെ പ്രവചനത്തെ ശരിവയ്ക്കുന്ന രീതിയില്‍ ജനങ്ങളുടെ വൈകാരിക ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന നേതാക്കള്‍ ഉയര്‍ന്നുവരുന്ന കാഴ്ച സമകാലിക ലോകത്ത് ദൃശ്യമാണ്. ഈ പ്രതിഭാസത്തെയാണ് പോപ്പുലിസം എന്ന് വിളിക്കുന്നത്.
1990കളുടെ തുടക്കത്തില്‍ ശീതയുദ്ധത്തിന്റെ അന്ത്യവും കമ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയും സംഭവിച്ചപ്പോള്‍ ഫ്രാന്‍സിസ് ഫുകുയാമയെപോലുള്ളവര്‍ പ്രത്യയശാസ്ത്രങ്ങളുടെ യുദ്ധത്തില്‍ ലിബറല്‍ ഡെമോക്രസി അന്തിമവിജയം നേടിയെന്നും ഇനി ലിബറല്‍ ഡെമോക്രസിയെ വെല്ലുവിളിക്കുന്ന ഒരു സമഗ്രമായ പ്രത്യയശാസ്ത്രം രൂപം കൊള്ളില്ലെന്നും പ്രസ്താവിക്കയുണ്ടായി. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ പല ഏകാധിപത്യ, സമഗ്രാധിപത്യ രാഷ്ട്രീയ വ്യവസ്ഥകളും നിലം പതിക്കുകയും ജനാധിപത്യ വ്യവസ്ഥ വ്യാപിക്കുകയും ചെയ്യുന്ന പ്രതിഭാസത്തിന് 1990 കള്‍ക്ക് ശേഷം ലോകം സാക്ഷ്യം വഹിച്ചു.
എന്നാല്‍ ലിബറല്‍ ഡെമോക്രസിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ പോപ്പുലിസം രംഗത്തുവന്നിരിക്കുന്നു. പോപ്പുലിസം ഒരു സമഗ്രമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല. ജനാധിപത്യത്തിന്റെ ജീര്‍ണരൂപമാണ്. ജനാധിപത്യത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളുടെയും തിന്മകളുടെയും മൂര്‍ത്തീകരണമാണ് പോപ്പുലിസം. ഡോക്ടര്‍ ജെകെയ്ല്‍, സ്വന്തം വ്യക്തിത്വത്തില്‍ ഒളിഞ്ഞിരുന്ന തിന്മകളുടെ മൂര്‍ത്തീകരണമായ മിസ്റ്റര്‍ ഹൈഡിന്റെ ഇരയായതുപോലെ ജനാധിപത്യം പോപ്പുലിസത്തിന്റെ ഇരയായി മാറിയേക്കാം.
പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ജാന്‍ വെര്‍നെര്‍ മുള്ളര്‍ എഴുതിയ 'വാട്ട് ഈസ് പോപ്പുലിസം' എന്ന കൃതി പോപ്പുലിസം എന്ന സമകാലിക പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്നുണ്ട്. ജനങ്ങളുടെ നിരാശയേയും അതില്‍ നിന്ന് ഉത്ഭവിക്കുന്ന വരേണ്യവിരുദ്ധതയുമാണ് പോപ്പുലിസത്തിന് ഉരുവം നല്‍കുന്നത്.
ഹ്യൂഗോ ചാവേസ് , ഇവോ മൊറേല്‍സ് തുടങ്ങിയ നേതാക്കളും ഗ്രീസിലെ സിരിസ ,സ്‌പെയിനിലെ പോഡെമോസ് തുടങ്ങിയ പാര്‍ട്ടികളും ഇടതുപക്ഷ പോപ്പുലിസത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സെനാരോ, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍, ഫ്രഞ്ച് നാഷണല്‍ ഫ്രണ്ട് നേതാവ് മരിയന്‍ ലെ പെന്‍, ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാവ് ഗീര്‍ട് വൈല്‍ഡേഴ്‌സ്, ഇറ്റാലിയന്‍ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് നേതാവ് ബെപ്പെ ഗ്രില്ലോ, ഓസ്ട്രിയയിലെ ജോര്‍ഗ് ഹൈഡര്‍ തുടങ്ങിയവര്‍ വലതുപക്ഷ പോപ്പുലിസത്തിനെയും പ്രതിനിധാനം ചെയ്യുന്നു.
പോപ്പുലിസത്തിന്റെ ഏറ്റവും അപകടകരമായ സ്വഭാവം അത് ബഹുസ്വരവിരുദ്ധമാണ് എന്നതാണ്. സാമൂഹ്യരംഗത്ത് അത് വംശ, ഭാഷ, ലൈംഗിക ന്യൂനപക്ഷങ്ങളെ രാഷ്ട്രത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ തയാറല്ല. രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തെ ദേശവിരുദ്ധരായി ഇവര്‍ ചിത്രീകരിക്കുന്നു. പോപ്പുലിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ അവര്‍ മാത്രമാണ് രാഷ്ട്രത്തെയും ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്നത്. 'ഞാനാണ് ജനം' എന്നു ഫ്രഞ്ച് വിപ്ലവനേതാവ് റോബസ്‌പെയര്‍ പറഞ്ഞതുപോലെ പോപ്പുലിസ്റ്റ് നേതാക്കള്‍ ജനതയുടെ ഇച്ഛയെ തങ്ങള്‍ മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളൂ എന്നു വാദിക്കുന്നു. ബാക്കിയുള്ളവരെല്ലാം ജനശത്രുക്കളാണ്. 'ചാവേസ് ആണ് ജനങ്ങള്‍' എന്നതായിരുന്നു ഹ്യൂഗോ ചാവേസിന്റെ പാര്‍ട്ടി ഉയര്‍ത്തിയ മുദ്രാവാക്യം.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ തങ്ങളുടെ പ്രതിയോഗികളെ അഴിമതിക്കാരും അധാര്‍മികരുമായ വരേണ്യവര്‍ഗമായി ചിത്രീകരിക്കുന്ന ഇവര്‍, അധികാരത്തില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന്റെ സാധുത അംഗീകരിക്കാന്‍ തയാറാവില്ല. ഇതു പോപ്പുലിസത്തിന്റെ ജനാധിപത്യ വിരുദ്ധതയുടെ നിദര്‍ശമാണ്. പോപ്പുലിസം പലപ്പോഴും സത്വരാഷ്ട്രീയതിന്റെ വകഭേദമാണ്. അധികാരത്തിലിരിക്കുന്ന പോപ്പുലിസ്റ്റ് നേതാക്കളും പാര്‍ട്ടികളും ഭരണകൂടത്തെ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഹൈജാക്ക് ചെയ്യുന്നതായി കാണാം.
മാസ്സ് ക്ലിയന്റലിസം (ഭരണകൂടത്തിന്റെ സാമ്പത്തിക, ഔദ്യോഗിക ആനൂകൂല്യങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ അനുയായികള്‍ക്കു മാത്രമായി നല്‍കുക എന്ന നയം) പോപ്പുലിസ്റ്റുകള്‍ വ്യാപകമായി നടപ്പിലാക്കാറുണ്ട്. സിവില്‍ സൊസൈറ്റിയെ അടിച്ചമര്‍ത്തുന്നു എന്നതാണ് പോപ്പുലിസ്റ്റ് ഭരണകൂടങ്ങളുടെ മറ്റൊരു പൊതു സ്വഭാവം. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സംവാദാത്മക രാഷ്ട്രീയത്തിനു പോപ്പുലിസം എല്ലായിടത്തും എതിരാണ്. പോപ്പുലിസ്റ്റ് ഭരണകൂടങ്ങള്‍ അവരുടെ പരാജയത്തിനു കുറ്റപ്പെടുത്തുക രാഷ്ട്രീയ സ്ഥാപനങ്ങളെയാണ്.
പോപ്പുലിസ്റ്റ് പാര്‍ട്ടികളുടെ മറ്റൊരു പ്രത്യേകത അവയൊന്നും തന്നെ ഉള്‍പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കുന്നില്ലെന്നതാണ്. നേതൃത്വം മിക്കപ്പോഴും ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമായിരിക്കും.അനുയായി വൃന്ദത്തിന് നയരൂപീകരണത്തില്‍ ഒരു പങ്കും അനുവദിച്ചുകൊടുക്കില്ല.വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ഇടം കൊടുക്കുകയില്ല. പോപ്പുലിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ പാര്‍ട്ടി മാത്രമാണ് രാഷ്ട്രത്തെയും ജനതയെയും പ്രതിനിധീകരിക്കുന്നത്. പാര്‍ട്ടിയെന്നാല്‍ നേതാവിന്റെ നിഴല്‍ മാത്രവും.
ഭരണഘടനാ സ്ഥാപനങ്ങളെ ശത്രുക്കളായി കാണുന്നുവെന്നതാണ് പോപ്പുലിസ്റ്റുകളുടെ മറ്റൊരു പൊതുസ്വഭാവം. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബന്‍ അധികാരത്തില്‍ വന്നപ്പോള്‍ അവിടെത്തെ ബ്യൂറോക്രസിയുടെ രാഷ്ട്രീയ നിഷ്പക്ഷത തകര്‍ത്തുകൊണ്ട് സിവില്‍ സര്‍വിസില്‍ പാര്‍ട്ടി അനുയായികളെ നിയമിച്ചതും ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം തകര്‍ത്തതും ഇതിനാലാണ്. നിയമനിര്‍വഹണ രംഗത്തുപോലും പാര്‍ട്ടി നേതാക്കള്‍ക്കും അനുയായികള്‍ക്കും പ്രത്യേക പരിഗണ നല്‍കുന്നു എന്നതും പോപ്പുലിസ്റ്റു ഭരണകൂടങ്ങളുടെ സ്വഭാവമാണ്. ഇതുനിയമവാഴ്ച (റൂള്‍ ഓഫ് ലോ) എന്ന അടിസ്ഥാന ജനാധിപത്യ തത്ത്വത്തെ തുരങ്കം വെക്കുന്നു.
ഭരണഘടനാവാദത്തോടും ഭരണഘടനയോടും ശത്രുതാപരമായ സമീപനമാണ് പോപ്പുലിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്. തങ്ങള്‍ ജനതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായതിനാല്‍ തങ്ങളുടെ മേല്‍ യാതൊരു വിധ ഭരണഘടനാ നിയന്ത്രണവും ആവശ്യമില്ല എന്നതാണ് പോപ്പുലിസ്റ്റ് നിലപാട്. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബന്‍ 2012ല്‍ ഭരണഘടന തന്നെ തിരുത്തി എഴുതി. പുതിയ ഭരണഘടനയില്‍ ഹംഗറിയുടെ ക്രിസ്ത്യന്‍ പാരമ്പര്യത്തെ ഊന്നിപ്പറയുകയും ഭുരിപക്ഷ വംശമായ മാഗിയാര്‍ ജനതയ്ക്ക് രാഷ്ട്രത്തിലുള്ള പ്രത്യേക സ്ഥാനത്തെ അടിവരയിട്ടു പറയുകയും ചെയ്തു. റോമാ (ജിപ്‌സി) ജനതയെ രണ്ടാംകിട പൗരന്മാരാക്കി മാറ്റി. പുതിയ ഭരണഘടനാനിര്‍മാണത്തില്‍ പ്രതിപക്ഷത്തിനെ പങ്കെടുപ്പിച്ചില്ല എന്നു മാത്രമല്ല ഫിഡെസ് പാര്‍ട്ടിയുടെ ആശയങ്ങളെ ഭരണഘടനാ തത്ത്വങ്ങളാക്കി മാറ്റുകയും ചെയ്തു. വെനിസ്വേല, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരത്തില്‍ പോപ്പുലിസ്റ്റ് ഭരണകൂടങ്ങള്‍ ഭരണഘടന മാറ്റിയെഴുതുകയുണ്ടായി.
ബ്രസീലില്‍ പോപ്പുലിസ്റ്റ് നേതാവായ ജൈര്‍ ബോള്‍സൊനാരോ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതാണ് പോപുലിസം ഈയിടെ നടത്തിയ വന്‍മുന്നേറ്റം. ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപിത ആരാധകനായ ബോള്‍സൊനാരോ ആഭ്യന്തര രംഗത്തും വിദേശനയത്തിലും ട്രംപിന്റെ നിലപാടുകളാണ് സ്വീകരിക്കുന്നത്. 1964- 1985 കാലഘട്ടത്തിലെ സൈനിക സ്വേച്ഛാധിപത്യത്തെ പരസ്യമായി അനുകൂലിക്കുന്നുണ്ട് മുന്‍ സൈനിക ക്യാപ്റ്റനായ ബോള്‍സൊനാരോ. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യവും ഭൂഖണ്ഡത്തിന്റെ മൊത്തം സാമ്പദ് വ്യവസ്ഥയുടെ പകുതിയുമായ ബ്രസീലും അങ്ങനെ പോപ്പുലിസത്തിനു അടിയറവു പറഞ്ഞിരിക്കുന്നു. വര്യേണ്യവിരുദ്ധത പ്രസംഗിക്കുന്ന ട്രംപും ബോള്‍സൊനാരോയുമെല്ലാം പിന്തുടരുന്നത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണെന്നതാണ് മറ്റൊരു വിരോധാഭാസം.
ബഹുസ്വരവിരുദ്ധത, അഭിപ്രായവ്യത്യാസങ്ങളോടും പ്രതിപക്ഷത്തോടുമുള്ള അസഹിഷ്ണുത , ന്യൂനപക്ഷവിരോധം ,വിഭാഗീയ രാഷ്ട്രീയം, മാസ്സ് ക്ലിയെന്റലിസം, സിവില്‍ സൊസൈറ്റിയോടുള്ള ശത്രുത, സംവാദങ്ങളോടുള്ള വിമുഖത, ഭരണഘടനാ സ്ഥാപനങ്ങളെ നിര്‍വീര്യമാക്കാന്‍, നേതാവിനോടുള്ള അമിതമായ ആരാധനയും ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലായ്മയും, ഭരണഘടനയോടുള്ള കൂറില്ലായ്മ തുടങ്ങിയ പോപ്പുലിസത്തിന്റെ സര്‍വസ്വഭാവങ്ങളും ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയിലും അവര്‍ നയിക്കുന്ന ഭരണകൂടത്തിലും സുതരാം ദൃശ്യമാണ്. അതിനാല്‍ തന്നെ പോപ്പുലിസത്തെ ഒരു വിദേശ പ്രതിഭാസമോ അക്കാദമിക വിഷയമോ ആയി കണക്കാക്കരുത്. ഇന്ത്യയിലെ പോപ്പുലിസം ലോകരാഷ്ട്രീയത്തിലെ ഈ പ്രതിഭാസത്തിന്റെ അവിഭാജ്യമായ ഭാഗമാണ്.
പോപ്പുലിസത്തെ സംബന്ധിച്ച ഏറ്റവും ഭയാനകമായ കാര്യം, അതില്‍ നിന്ന് ഫാസിസത്തിലേക്ക് അധികം ദൂരമില്ലെന്ന വസ്തുതയാണ്. ഫാസിസ്റ്റുകള്‍ ജനാധിപത്യത്തെ പൂര്‍ണമായി തള്ളിക്കളയുമ്പോള്‍ പോപ്പുലിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ ഔപചാരികതകളെ മാത്രം സ്വീകരിക്കുകയും അതിന്റെ അന്തഃസത്തയായ മൂല്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പോപ്പുലിസത്തിനു ഫാസിസമായി നിഷ്പ്രയാസം രൂപാന്തരപ്പെടാനാവും. ആകയാല്‍ പോപ്പുലിസത്തിനെതിരേ നിതാന്തജാഗ്രത പുലര്‍ത്തുകയെന്നതാണ് വര്‍ത്തമാനകാല ജനാധിപത്യവാദിയുടെ പ്രഥമവും പ്രധാനവുമായ ബാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."