160 കോടി നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് ലോകകപ്പില്ലെന്ന് ഐ.സി.സി
മുംബൈ: 2016 ലെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട 160 കോടി രൂപയുടെ നഷ്ടം ബി.സി.സി.ഐ അടച്ചില്ലെങ്കില്‍ 2021 ലെ ചാംപ്യന്‍സ് ട്രോഫിയും 2023 ലെ ഏകദിന ലോകകപ്പും ഉള്‍പ്പെടെ ഇന്ത്യക്ക് നഷ്ടമാകുമെന്ന് ഐ.സി.സിയുടെ മുന്നറിയിപ്പ്. 31 ന് അകം തുക അടയ്ക്കണമെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അംഗരാജ്യങ്ങള്‍ക്ക് നല്കി വരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍നിന്ന് തുക പിഴയായി ഈടാക്കുമെന്നുമാണ് ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ അധ്യക്ഷനായ ഐ.സി.സി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ത്യ ആതിഥ്യമേകിയ 2016 ലെ ടി20 ലോകകപ്പിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് നികുതിയിളവ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഐ.സി.സിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായ സ്റ്റാര്‍ ടി.വി നികുതി കുറച്ചുള്ള തുകയാണ് ഐ.സി.സിക്ക് നല്‍കിയത്. എന്നാല്‍, നികുതിയിളവ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. ഈ തുക ഐ.സി.സിക്ക് നഷ്ടമായി. അതിനാല്‍ ലോകകപ്പിന് ആതിഥ്യമേകിയ ഇന്ത്യ ഈ തുക നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഐ.സി.സിയുടെ ആവശ്യം.
നികുതിയിളവു നല്‍കാമെന്നു സമ്മതിച്ചതിന്റെ രേഖ ഐ.സി.സി നല്‍കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.സി.സിയുടെ നിലനില്‍പ്പ് തന്നെ ബി.സി.സി.ഐ നല്കി വരുന്ന വരുമാനത്തിലാണ്. ലോകകപ്പ് ഉള്‍പ്പെടെ മാറ്റുമെന്ന ഐ.സി.സിയുടെ ഭീഷണി വിരോധാഭാസമാണെന്ന് ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."