സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ പദ്ധതിക്ക് സര്‍വകലാശാലയില്‍ തുടക്കം
തേഞ്ഞിപ്പലം: ആയിരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്ന സംസ്ഥാന സാമൂഹ്യവനവല്‍ക്കരണ വകുപ്പിന്റെ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ തുടക്കമായി. ഔഷധസസ്യമായ ലക്ഷ്മിതരു നട്ടുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് മലപ്പുറം സാമൂഹ്യവനവല്‍ക്കരണ ഡിവിഷന്റെ സഹകരണത്തോടെ പരിപാടി നടപ്പാക്കുന്നത്.
നെല്ലി, ഉറുമാമ്പഴം, സീതപഴം, ഞാവല്‍, പുളി, പേര, ഉങ്ങ്, നീര്‍മരുത് തുടങ്ങിയ വൃക്ഷത്തൈകളാണ് നടുന്നത്. സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നിലമ്പൂരിലെ നഴ്‌സറിയില്‍ വളര്‍ത്തിയ രണ്ടുവര്‍ഷം പ്രായമായ ആയിരം തൈകളാണ് നടുന്നത്. ചെടിക്ക് ചുറ്റും ട്രീ ഗാര്‍ഡും സാമൂഹ്യ വനവല്‍ക്കരണ വകുപ്പ് ലഭ്യമാക്കും.
കാംപസുകളിലെ സോഷ്യല്‍ സയന്‍സ് പഠനവിഭാഗങ്ങളിലെ കെട്ടിടത്തിന്റെ പരിസരത്താണ് തൈകള്‍ നടാനാരംഭിച്ചിട്ടുള്ളത്.
കാംപസുകളിലെ ചില പ്ലോട്ടുകളില്‍ നേരത്തെ വളര്‍ത്തിയ അക്കേഷ്യ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
ചടങ്ങില്‍ ഡോ. പി.മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ.അബ്ദുല്‍ മജീദ്, റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.ടി അബ്ദുല്‍ സമദ്, സുവര്‍ണ ജൂബിലി ഗ്രീന്‍ കാംപസ് കാംപയിന്‍ കണ്‍വീനര്‍ ഡോ. ജോണ്‍ ഇ തോപ്പില്‍, ലൈഫ്‌സയന്‍സ് പഠനവകുപ്പിലെ ഡോ. ഇ ശ്രീകുമാരന്‍, ബോട്ടണി പഠനവകുപ്പിലെ ഡോ. സി.സി ഹരിലാല്‍, ഡോ. എ.കെ പ്രദീപ്, യൂനിവേഴ്‌സിറ്റി എന്‍ജിനീയര്‍ കെ.കെ അബ്ദുല്‍ നാസിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."