എടവണ്ണ കുണ്ടുതോട് ക്രഷര്‍ എംസാന്‍ഡ് യൂനിറ്റ്: സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നിര്‍ത്തിവച്ചില്ല
എടവണ്ണ: ജനവാസ കേന്ദ്രത്തിലെ ക്രഷര്‍ എംസാന്‍ഡ് യൂനിറ്റിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണ പ്രവൃത്തി നിര്‍ത്തിവച്ചില്ല. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കുണ്ടുതോട് മുതുകുന്നില്‍ സ്വകാര്യ വ്യക്തി ജനവാസ കേന്ദ്രത്തില്‍ ക്രഷര്‍ യൂനിറ്റ് ആരംഭിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.
സമര സമിതി രൂപീകരിച്ച് നല്കിയ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയോഗത്തിലേക്ക് നാട്ടുകാര്‍ ഒന്നിച്ച് പ്രതിഷേധവുമായെത്തിയപ്പോള്‍ നല്കിയ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് ക്രഷര്‍ യൂനിറ്റിന്റെ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഉടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് വീണ്ടും പണി ആരംഭിച്ചതോടെയാണ് പഞ്ചായത്തംഗം തേലക്കാട്ട് സാക്കിറിന്റെ നേതൃത്വത്തില്‍ സമരക്കാര്‍ പഞ്ചായത്ത് ഓഫിസിലെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് നാട്ടുകാരുടെ സംഘം സെക്രട്ടറിയെ ഉപരോധിച്ചത്. ഉപരോധ സമരത്തെ തുടര്‍ന്ന് സെക്രട്ടറി പൊലിസ് സ്റ്റേഷനിലേക്ക് കത്ത് നല്‍കുകയും ക്രഷര്‍ യൂനിറ്റ് പ്രവൃത്തി തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും നാട്ടുകാര്‍ക്ക് സെക്രട്ടറി ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."