റിസോര്‍ട്ടിലെ കൊലപാതകം: രണ്ടാം പ്രതിയും അറസ്റ്റില്‍
കല്‍പ്പറ്റ: മണിയങ്കോട് റിസോര്‍ട്ടിലെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളുടെയും അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി.
ഇതില്‍ ഒന്നാം പ്രതിയും മീനങ്ങാടി സ്വദേശിയുമായ ചെറുകാവില്‍ രാജു (52)വിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതി കൊളഗപ്പാറ ആവയല്‍ കല്ലുവെട്ടത്ത് കെ.ആര്‍ അനില്‍ (48) ആണ് ഇന്നലെ അറസ്റ്റിലായത്. കൊലപാതകത്തിനിടെ കൈക്ക് കുത്തേറ്റ് ചികിത്സയിലായിരുന്ന അനിലിനെ ഇന്നലെ വൈകിട്ട് മൂന്നോടെ കല്‍പ്പറ്റയില്‍ എത്തിച്ചു. ഒന്നാം പ്രതി രാജുവിന്റെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പതോടെയാണ് റിസോര്‍ട്ടില്‍ എത്തിച്ചത്. കൊലപ്പെടുത്തിയ രീതി പ്രതി പൊലിസിന് കാണിച്ചു കൊടുത്തു. കുത്താന്‍ ഉപയോഗിച്ച കത്തിയും സംഭവസ്ഥലത്ത് നിന്നു കണ്ടെടുത്തു. അനിലിനെ ഇന്ന് രാവിലെ ഒന്‍പതോടെ റിസോര്‍ട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പ്രതികള്‍ രണ്ടു പേരും കുറ്റം സമ്മതിച്ചതായി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം പറഞ്ഞു. കൊല്ലപ്പെട്ട വിന്‍സെന്റ് രാജുവിന്റെ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് നിരന്തരമായി ഭീഷണിപ്പെടുത്തിയതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്ന് രാജു മൊഴി നല്‍കി. വെള്ളിയാഴ്ച രാവിലെയാണ് മണിയങ്കോട് ഓടമ്പത്ത് വിസ്പറിങ് വുഡ് റിസോര്‍ട്ട് നടത്തിപ്പുകാരന്‍ വിന്‍സെന്റ് സാമുവല്‍ കൊല്ലപ്പെട്ടത.് വിന്‍സെന്റ് റിസോര്‍ട്ടില്‍ ഉണ്ടെന്ന് മനസിലാക്കിയ രാജു സഹായി അനിലിനെയും കൂട്ടി റിസോര്‍ട്ടില്‍ എത്തുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു.
സംഘട്ടനത്തിനിടയില്‍ അനിലിനും കുത്തേറ്റു. വിന്‍സെന്റ് സാമുവല്‍ മരിച്ചെന്ന് ഉറപ്പാക്കിയ പ്രതികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."