കാട്ടാനകളെ തുരത്താന്‍ കുങ്കിയാനയെത്തി
പാലക്കാട് : ഒരാഴ്ചയിലേറെ നാട്ടില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച കാട്ടാനകളെ കാട്ടില്‍ കയറ്റുന്നതിന് തമിഴ്നാട്ടില്‍ നിന്ന് കുങ്കിയാനകളെത്തി. മുതുമല ആനത്താവളത്തിലെ കുങ്കിയാനകളായ പൊമ്മന്‍, വാസീം എന്നീ കുങ്കിയാനകളാണ് ഇന്നലെ വൈകീട്ടോടെ പാലക്കാടെത്തിയത്. മുണ്ടൂര്‍ കയറാംകോട് കല്യാണ മണ്ഡപത്തിന് സമീപം തമ്പടിച്ചിരിക്കുന്ന മൂന്ന് കാട്ടാനകളെയും കുങ്കിയാനകളുടെ സഹായത്തോടെ തിരികെ വനത്തില്‍ അയക്കാനാണ് ശ്രമം നടത്തുന്നത്.,രണ്ടാഴ്ച മുമ്പ് മലമ്പുഴ വനത്തില്‍ നിന്ന് വന്ന മൂന്നംഗകാട്ടാന സംഘമാണ് വഴി തെറ്റി ജില്ലയിലും തൃശൂരിലുമായി ഒരാഴ്ചയിലേറെയാണ് യി തമ്പടിച്ച് ഭീതി പടര്‍ത്തിയത്. മലമ്പുഴയില്‍ നിന്ന് ഇറങ്ങിയ മൂന്നംഗകാട്ടാനകള് ഒലവക്കോട്, മുണ്ടൂര്‍, പറളി, മങ്കര, അയ്യര്‍മല എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം പെരിങ്ങോട്ടുകുറുശ്ശി മേഖലയില്‍ തമ്പടിച്ചത്. തുടര്‍ന്ന് തൃശുര് ജില്ലയിലെ കുത്താമ്പുള്ളിയിലും പാമ്പാടിയിലും എത്തിയ കാട്ടാനകള്‍ ഇന്നലെപുലര്‍ച്ചെ മുണ്ടൂരില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
കാട്ടാനകള്‍ ഇറങ്ങിയ വനത്തിലേക്ക് ഇനി കിലോമീറ്ററുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അത് കൊണ്ട് കാട്ടാനകളെ തിരികെ വനത്തിലേക്ക് കയറ്റി അയക്കാമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പും ബന്ധപ്പെട്ടവരും.മങ്കരയ്ക്ക് സമീപം ഭാരതപ്പുഴയില്‍ നിന്ന് കയറിയ ആനകള്‍ കാടിറങ്ങി വന്ന മുണ്ടൂരിലേക്കാണ് ആദ്യം എത്തിയത്. അതോടെ ദൗത്യസംഘം പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു. മുണ്ടൂര്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെ മുതല്‍ ഗതാഗതം തടഞ്ഞത് വന്‍ ഗതാഗതക്കുരുക്കുണ്ടാക്കി. ഇതിനിടെ മുണ്ടൂര്‍ വഴി കല്ലടിക്കോട് വനത്തിലേക്ക് കയറിയ കാട്ടാനകള്‍ തിരിച്ചിറങ്ങിയത് വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇടയ്ക്ക് എത്തിയ മഴ ദൗത്യത്തിന് തടസമായി. കാട്ടാനകള്‍ തിരിച്ച് വീണ്ടും മുണ്ടൂരിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഉച്ചയോടെ ദൗത്യം നിറുത്തിവച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ആലോചനാ യോഗം ചേര്‍ന്ന ശേഷം ഉച്ചയ്ക്ക് വീണ്ടും ശ്രമം തുടര്‍ന്നു. കയറാംകോട് മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ തമ്പടിച്ച ആനകള്‍ രാത്രിയോടെ കാട് കയറുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയും പാട്ട കൊട്ടിയുമാണ് ആനകളെ കാട് കയറ്റാന്‍ ശ്രമം തുടരുന്നത്. വൈകിട്ട് നാലരയോടെ ആനകളില്‍ ഒന്ന് കൂട്ടംതെറ്റിയത് വീണ്ടും പ്രതിസന്ധിയുണ്ടാക്കി.
കൂട്ടം തെറ്റിയ കാട്ടാനയെ കൂടി ഒന്നിച്ച് ചേര്‍ത്ത് കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമമാണ് ഏറ്റവും ഒടുവില്‍ നടത്തിയത്. കല്ലടിക്കോട് വനമേഖലയിലേക്ക് കയറ്റി വിട്ടാലും വനത്തില്‍ 10 കിലോമീറ്ററോളം ഉള്ളിലേക്ക് കയറ്റിയ ശേഷമേ ദൗത്യം അവസാനിപ്പിക്കുകയുള്ളൂ എന്നാണ് ഡി.എഫ്.ഒ പറയുന്നത്. വീണ്ടും നാട്ടിലേക്ക് ഇറങ്ങാനുള്ള ശ്രമം തടയുന്നതിനാണ് ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നത്.
കാടിറങ്ങി വന്ന വഴിയിലൂടെ തിരികെ കയറ്റാനാണ് പരമാവധി ശ്രമം തുടരുന്നത്. സി.സി.എഫ് എം.കെ.ചന്ദ്രശേഖര്‍,ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സക്കറിയ, ഒലവക്കോട് ഡി.എഫ്.ഒ, ജില്ലാ പൊലീസ് മേധാവി പ്രദീഷ് കുമാര്‍, ഡിവൈ.എസ്.പിമാര്‍ എന്നിവരുടെ നേതൃത്തിലുള്ള വനം പൊലീസ് സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. റവന്യു ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തുണ്ട്. ആനകള്‍ കാടിറങ്ങിയവഴി തന്നെ തിരികെ കയറുന്നത് ഉചിതമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാടിറങ്ങിയ കാട്ടാനക്കൂട്ടം തിരികെ കാട്ടിലേക്ക് കയറുന്നത് കാണാന്‍ വന്‍ജനക്കൂട്ടമാണ് മുണ്ടൂര്‍, വടക്കുമുറി, കയറാംകോട് മേഖലകളില്‍ തടിച്ചു കൂടിയത്. ഇത് ദൗത്യത്തിന് തടസമുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."