മാലിന്യമൊഴുക്കിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
വടകര: നഗരത്തിലെ ഓവുചാലുകളില്‍ കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് നഗരസഭ ഉത്തരവിറക്കി. പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ സില്‍വര്‍, ഹോട്ടല്‍ സസ്യ, സിറ്റി ടൂറിസ്റ്റ് ഹോം, എടോടിയിലെ ഗ്രിഫി റസ്റ്റോറന്റ് എന്നിവയുടെ ലൈസന്‍സാണ് റദ്ദ് ചെയ്തത്.
ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മലിന ജലം ഓവുചാലിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇത് തടയുവാനും മലിനജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനും നഗരസഭ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നഗരസഭ ആവശ്യപ്പെട്ട ക്രമീകരണം ഏര്‍പ്പെടുത്താത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഇവിടങ്ങളില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യമടക്കമുള്ളവ ഒഴുക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍, നഗരസഭ തിടുക്കത്തില്‍ നടപടിയെടുത്തെന്നാരോപിച്ച് വ്യാപാരികള്‍ ഹര്‍ത്താലടക്കമുള്ള പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. പിന്നീട് നഗരസഭയുമായി നടത്തിയ ചര്‍ച്ചയില്‍ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ 15 ദിവസത്തിനകം ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയത്. എന്നാല്‍, നഗരസഭ അനുവദിച്ച സമയം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരു നടപടിയും ഇവര്‍ എടുത്തിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് നടപടി. അനുവദിച്ച സമയം അവസാനിച്ചിട്ടും ക്രമീകരണം ഏര്‍പ്പെടുത്താത്ത സാഹര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ നിര്‍വാഹമില്ലെന്ന് ഇവര്‍ക്ക് നല്‍കിയ ഉത്തരവ് നോട്ടിസില്‍ പറയുന്നു. 1994ലെ കേരള മുനിസിപ്പല്‍ ആക്ട് 447 പ്രകാരമാണ് നടപടി. ഈ ഉത്തരവ് കൈപറ്റി 24 മണിക്കൂറിനകം സ്ഥാപനം നിര്‍ത്തല്‍ ചെയ്ത വിവരം രേഖാമൂലം നഗരസഭയില്‍ അറിയിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനും സ്ഥാപനം സഹചരിച്ചില്ലെങ്കില്‍ ആക്ടിലെ 532(5) വകുപ്പ് പ്രകാരം സ്ഥാപന ഉടമകളുടെ നഷ്ടോത്തരവാദിത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റലായി അടച്ചുപൂട്ടി സീല്‍ ചെയ്യുമെന്നും ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."