കെ.പി.എസ് പയ്യനെടത്തിനും പി.യു ചിത്രക്കും ഉബൈദ് ചങ്ങലീരി അവാര്‍ഡ്
പാലക്കാട്: മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡുകള്‍ക്ക് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ .പി .എസ് പയ്യനെടവും ഇന്ത്യയുടെ അഭിമാന കായികതാരം പി.യു ചിത്രയും തിരഞ്ഞെടുക്കപ്പെട്ടതായി ജില്ലാ പ്രസിഡണ്ട് സി.എ സാജിത്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ എന്നിവര്‍ അറിയിച്ചു. യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഉബൈദ് ചങ്ങലീരിയുടെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ അബുദാബി ബനിയ കെ.എം.സി.സി കമ്മിറ്റി നല്‍കുന്ന 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നാളെ വൈകുന്നേരം 3നു ചെര്‍പ്പുളശ്ശേരി ടൗണ്‍ ഹാളില്‍ നടക്കുന്ന ഉബൈദ് ചങ്ങലീരി അനുസ്മരണ സെമിനാറില്‍ ഇരുവര്‍ക്കും സമ്മാനിക്കും.
വര്‍ഷങ്ങളായി സാമൂഹിക ,സാംസ്‌കാരിക മേഖലയില്‍ നടത്തിവരുന്ന ശക്തമായ ഇടപെടലുകളും കലാ സാഹിത്യ രംഗത്തെ സേവനങ്ങളും പരിഗണിച്ചാണ് കെ.പി.എസ് പയ്യനടത്തെ തെരഞ്ഞെടുത്തത്. 45 വര്‍ഷമായി സാംസ്‌കാരികതലത്തില്‍ തന്റേതായ കഴിവും മികവും കൊണ്ട് പ്രതിഭാധനനായ കെ.പി.എസ് നാടകം, നോവല്‍, കഥാ രചന, പ്രഭാഷകന്‍, നിരൂപണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനാണ്. ജി ശങ്കര പിള്ള സ്മാരക നാടക അവാര്‍ഡ്, കെ.ആര്‍ നാരായണന്‍ കര്‍മ്മ ശ്രേഷ്ട പുരസ്‌കാരം, പോള്‍ സുന്ദര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കുംഅര്‍ഹനായിട്ടുണ്ട്. ജീവിതസാഹചര്യങ്ങളോട് പൊരുതി അത് ലറ്റിക് മേഖലയില്‍ ലോക ശ്രദ്ധ നേടുകയും ദേശീയ സംസ്ഥാന തലത്തോടൊപ്പം പാലക്കാടന്‍ ഗ്രാമത്തിന്റെ യശസ്സ് ഉയര്‍ത്തികൊണ്ടുവരാന്‍ കഴിഞ്ഞ പി.യു ചിത്രക്ക് കായിക മികവിനുള്ള ആദരവും പ്രോത്സാഹനവും നല്‍കുന്നതാണ് അവാര്‍ഡ് . തികച്ചും ഗ്രാമീണ പരിസരത്തു നിന്നും ലോകത്തോളം ഉയര്‍ന്ന നാട്ടിന്‍പുറത്തു കാരിയായ ചിത്ര നേടിയെടുത്ത കായിക കരുത്ത് ഈ നാടിന്റെ ദേശാഭിമാനമാണ്. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയ ചിത്ര സൗത്ത് സാഫ് ഗെയിംസ്, സാഫ് ജൂനിയര്‍ മീറ്റ്, ഏഷ്യന്‍ സ്‌കൂള്‍ മീറ്റ് എന്നിവകളിലും സ്വര്‍ണം നേടിയിട്ടുണ്ട്. മുണ്ടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ - വസന്തകുമാരി ദമ്പതികളുടെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."