റേഷന്‍ കാര്‍ഡ് വിതരണം: ഉദ്യോഗസ്ഥ അനാസ്ഥയില്‍ വലഞ്ഞ് പൊതുജനം
തിരൂര്‍: പേരുകള്‍ ചേര്‍ത്തിയും തെറ്റുതിരുത്തിയും പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിലെ അപാകതകള്‍ ജനങ്ങളെ വലയ്ക്കുന്നു.
അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഫീസടച്ച് അപേക്ഷ സമര്‍പ്പിച്ച് പുതിയ റേഷന്‍ കാര്‍ഡിനായി സിവില്‍ സപ്ലൈസ് ഓഫിസുകളില്‍ എത്തുമ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ കാത്തുനിന്ന് പാടുപെടുകയാണ്. റേഷന്‍ കാര്‍ഡ് വിതരണ വിവരമറിയിച്ച് താലൂക്കിലുള്ളവരെയെല്ലാം ഒരൊറ്റ ദിവസം ഒരുമിച്ച് വിളിച്ചുവരുത്തി കഷ്ടപ്പെടുത്തുകയാണ് ഉദ്യോഗസ്ഥര്‍.
തിരൂര്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസിന് മുന്നില്‍ കഴിഞ്ഞ ദിവസം ജനങ്ങളൊന്നാകെ എത്തിയപ്പോള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വാക്കേറ്റവും നേരിയ സംഘര്‍ഷവുമുണ്ടായി. ഒടുവില്‍ പലരും പുതിയ റേഷന്‍ കാര്‍ഡ് കിട്ടാതെയാണ് മടങ്ങിയത്. നിശ്ചിത പ്രദേശങ്ങളിലുള്ളവരെ ഘട്ടംഘട്ടമായി വിളിച്ചുവരുത്തി കാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ ജനത്തിരക്കും കഷ്ടപ്പാടുമുണ്ടാകുമായിരുന്നില്ലെന്ന് ഓഫിസിലെത്തി ബുദ്ധിമുട്ടിലായവര്‍ പറഞ്ഞു. എന്നാല്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാലാണ് കാര്‍ഡ് വിതരണത്തില്‍ കാലതാമസമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. ടോക്കണ്‍ പോലും നല്‍കാതെ ജനങ്ങളെ വരി നിര്‍ത്തി ക്രമപ്രകാരം കാര്‍ഡ് അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."