വനിതാ മതില്‍: കൗണ്‍സില്‍ യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
കുന്നംകുളം: വനിതാ മതിലില്‍ തട്ടി കുന്നംകുളം കൗണ്‍സില്‍ യോഗം. പ്രതിപക്ഷം ഒന്നടങ്കം മതിലിനെതിരേ പ്രതിഷേധവുമായി യോഗത്തില്‍ നിന്നും ഇറങ്ങിപോയതോടെ സഭാ നടപടികള്‍ തടസപെട്ടു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രളയദുരന്തത്തില്‍പെട്ട ജനതക്കു നല്‍കാമെന്നേറ്റ ആനുകൂല്യങ്ങള്‍ നല്‍കാനാകാതെ വീര്‍പ്പുമുട്ടുന്ന സര്‍ക്കാര്‍ ദുരിതത്തില്‍ നിന്നും കരകയറാന്‍ ഭക്ഷണം പോലും ഉപേക്ഷിക്കാന്‍ പൊതു ജനങ്ങളോടു ആഹ്വാനം ചെയ്തിട്ടു ഖജനാവിലെ കോടികള്‍ പാര്‍ട്ടി പരിപാടിയെന്ന പേരില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് വിമത വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് ആദ്യം പ്രതിഷേധമുയര്‍ത്തി ഇറങ്ങിപോയത്.
ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വിമതപക്ഷവും ഇറങ്ങിപോയി. പിറകെ ബി.ജെ.പിയും സമാന ആരോപണമുയര്‍ത്തി മുദ്രാവാക്യമുയര്‍ത്തി കൗണ്‍സില്‍ യോഗത്തില്‍ നിന്നും വാക്കൗട്ട് നടത്തി. യു.ഡി.എഫ് അംഗങ്ങളും ബിജു സി ബേബിയുടെ നേതൃത്വത്തില്‍ സഭ വിട്ടു.
എന്നാല്‍ സംഭവത്തില്‍ പ്രതിഷേധമുന്നിയിച്ചെങ്കിലും ആര്‍.എം.പി ഇറങ്ങിപ്പോക്ക് നടത്തിയില്ല. വനിതാ മതില്‍ സി.പി.എമ്മിന്റെ ജനകീയ ചെറുത്തു നില്‍പാണെന്നും ഇതിനെതിരേ കലാപകൊടിയുയര്‍ത്തേണ്ടതില്ലെന്നും വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് പറഞ്ഞു.
മതിലിന്റെ പേരില്‍ വാര്‍ഡു തോറും വ്യാപകമായ പിരിവ് നടക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. ചെയര്‍പഴ്‌സന്‍ സീതാ രവീന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."