ഡി.ജി.പിയ്ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശം പരാതിയായി കണക്കാക്കാനാകില്ലെന്ന് പൊലിസ്
കൊച്ചി: നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കണക്കാക്കാനാകില്ലെന്ന് പൊലിസ്. പള്‍സര്‍ സുനി വിളിച്ച കാര്യം ഡി.ജി.പിയുടെ പഴ്‌സണല്‍ നമ്പര്‍ വഴി അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നത്.
മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ പരാതി ലഭിച്ചത് ഏപ്രില്‍ 22 നാണ്. പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം പരിശോധിച്ചിരുന്നുവെന്നും പൊലിസ് പറയുന്നു. ഇക്കാര്യങ്ങളുന്നയിച്ച് വിശദമായ സത്യവാങ്മൂലം കോടതിയില്‍ നല്‍കുമെന്നും പൊലിസ് വ്യക്തമാക്കി.
പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്നും വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. 18നാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളില്‍ നിന്നു പരാതി ലഭിച്ചാല്‍ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലിസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതും പൊലിസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ബെഹ്‌റ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."