നഗരസഭയില്‍ വില്ലേജ് സ്റ്റാര്‍ട്ട്അപ്പ് സംരംഭം: 1000 ചെറുകിട സംരഭങ്ങള്‍ തുടങ്ങും
വടക്കാഞ്ചേരി: വില്ലേജ് സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളിലൂടെ സ്വയം തൊഴില്‍ മേഖലയില്‍ മുന്നേറ്റം ലക്ഷ്യമിട്ട് 1000 ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ വടക്കാഞ്ചേരി നഗരസഭ വികസന സെമിനാറില്‍ നിര്‍ദേശം. ഈ സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡിയായി 20 ലക്ഷം രൂപയും വനിതാ ഘടക പദ്ധതികള്‍ക്കായി 10 കോടി രൂപയും പട്ടികജാതി വികസന പദ്ധതികള്‍ക്കായി മൂന്നു കോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടേയും വ്യാപാരി വ്യവസായികളുടേയും സഹായത്തോടെ നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണ കാമറകള്‍, വൈഫൈ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നാല് കോടി രൂപയും വകയിരുത്തി.
നഗരസഭക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപയും, സാംസ്‌കാരിക സമുച്ഛയത്തിന് ഒരു കോടി രൂപയും വടക്കാഞ്ചേരി പുഴയും, അനുബന്ധമായ 11 തോടുകളും, അളന്ന് തിട്ടപ്പെടുത്തുന്നതിന് ഒരു കോടിരൂപയും, ചാത്തന്‍ചിറയുടെ സൗന്ദര്യവല്‍ക്കരണത്തിന് രണ്ട് ലക്ഷം രൂപയും സര്‍വശുദ്ധി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം കുമ്പളങ്ങാട് പാഴ്‌വസ്തു സംഭരണ കേന്ദ്രത്തിന്റേയും, സംസ്‌കരണ പ്ലാന്റിന്റെയും വിപുലീകരണത്തിനും, ജൈവവള നിര്‍മാണ കേന്ദ്രത്തിനും പ്ലാസ്റ്റിക് ഷെര്‍ഡിങ് യൂനിറ്റുകള്‍ക്കുമായി 4,790,0000 രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുളം കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും , രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും സുരക്ഷിതമായി താമസിക്കുന്നതിനായി ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപയും ലൈഫ് പദ്ധതി പ്രകാരം ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് 5,625,0000 രൂപയും വനിതകള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഷീ ലോഡ്ജിന് 10 ലക്ഷം രൂപയും, 18 നും 35നും ഇടക്ക് പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ രണ്ട് കോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
വികസന സെമിനാര്‍ ഉദ്ഘാടനവും പദ്ധതി രേഖാ പ്രകാശനവും നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് നിര്‍വഹിച്ചു. വൈസ്. ചെയര്‍മാന്‍ എം.ആര്‍ അനൂപ്കിഷോര്‍ അധ്യക്ഷനായി.
സ്ഥിരംസമിതി അധ്യക്ഷമാരായ എന്‍.കെ പ്രമോദ്കുമാര്‍, ജയപ്രീതമോഹന്‍, ടി.എന്‍ ലളിത, വടക്കാഞ്ചേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ടി ബേബി, നഗരസഭ കൗണ്‍സിലര്‍മാരായ കെ.അജിത്കുമാര്‍, പി.ഉണ്ണികൃഷ്ണന്‍, സിന്ധു സുബ്രഹ്മണ്യന്‍, എസ്.എ എ.ആസാദ്, ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, നഗരസഭ സെക്രട്ടറി കെ.എം.മുഹമ്മദ് അനസ് ,എം.ആര്‍. സോമനാരായണന്‍, കെ.എ. നസീം സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷ ലൈല നസീര്‍ പദ്ധതി വിശദീകരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."