യോഗിക്ക് സുരക്ഷയൊരുക്കാന്‍ കുട്ടികളുടെ ഐസിയുവില്‍ കയറി പൊലിസ് പരിശോധന
ലഖ്‌നോ: ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ച ഗോരഖ്പുരിലെ ആശുപത്രിയില്‍ കനത്ത സുരക്ഷാ സന്നാഹമൊരുക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നു പറഞ്ഞ യോഗി പ്രധാനമന്ത്രിയുടെ വക്താവായാണ് പിന്നീടു സംസാരിച്ചത്. കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ സംഭവങ്ങളില്‍ പ്രധാനമന്ത്രിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം തന്നെ വിളിച്ചിരുന്നെന്നും യോഗി പറഞ്ഞു.
സംഭവത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. വിശദമായി റിപ്പോര്‍ട്ടിനുശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കുട്ടികളുടെ ഐ.സി.യുവിലടക്കം കയറി പരിശോധന നടത്തിയാണ് പൊലിസ് മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പു വരുത്തിയത്.
ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ എത്തിയത്. ജനരോഷം ഭയന്നാണ് ആശുപത്രിയിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹമൊരുക്കിയതെന്നാണ് പൊലിസ് ഭാഷ്യം.
ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ഇന്ന് പുലര്‍ച്ചെ മൂന്ന് കുട്ടികള്‍ കൂടി ആശുപത്രിയില്‍ മരിച്ചിരുന്നു. ആറുദിവസത്തിനിടെ ശ്വാസംകിട്ടാതെ ആശുപത്രിയില്‍ പിടഞ്ഞുമരിച്ചത് 67 കുഞ്ഞുങ്ങളാണ്. ഇതില്‍ 17 നവജാത ശിശുക്കളുമുണ്ട്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.
അതേസമയം ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം ആരും മരിച്ചിട്ടില്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. അതേസമയം, ബി.ആര്‍.ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍.
ആശുപത്രിയില്‍ കേന്ദ്ര സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുളള അസുഖങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും വാദം.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ കോണില്‍ നിന്ന് ഉയരുന്നത്. ശക്തമായ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ശശി തരൂര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."