മുരുകന്റെ മരണം അടിയന്തര ചികിത്സാ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ: ഐ.എം.എ
ആലുവ: മുരുകന്റെ മരണം സംസ്ഥാനത്തെ അടിയന്തര ചികിത്സാ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ മൂലമെന്ന് ഐ.എം.എയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുരുകനെ ചികിത്സക്കായെത്തിച്ച ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സുരക്ഷാ ജീവനക്കാരുടെയും മൊഴിയെടുത്ത ശേഷമാണ് ഐ.എം.എ നിയോഗിച്ച സംഘം ഈ കണ്ടെത്തലിലെത്തിയത്.
ആലുവ പെരിയാര്‍ ഐ.എം.എ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. മുരുകനെ ചികിത്സക്കായെത്തിച്ച ആശുപത്രികള്‍ പണം ആവശ്യപ്പെട്ടിട്ടില്ല. ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മയാണ് ആശുപത്രികളെ രോഗിയെ പ്രവേശിപ്പിക്കാതിരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. അപകടത്തില്‍ മുരുകനോടൊപ്പം പരുക്കേറ്റ മൂന്നുപേര്‍ക്കും അടിയന്തര ചികിത്സ സൗജന്യമായി നല്‍കിയിരുന്നു. കിംസ് ആശുപത്രിയാണ് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് വിളിച്ചുവരുത്തി മെഡിക്കല്‍ കോളജിലേക്ക് രോഗിയെ അയക്കാന്‍ നിര്‍ദേശിച്ചത്.
ആംബുലന്‍സ് ഡ്രൈവറുടെ നിര്‍ബന്ധപ്രകാരമാണ് മെഡിട്രീന ആശുപത്രിയിലേക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുമെന്ന ജില്ലാ പൊലിസ് മേധാവിയുടെ പ്രസ്താവന ചട്ട ലംഘനമാണ്. ഒരു ഘട്ടത്തിലും നേരിട്ട് സഹായമെത്തിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. നിലവിലെ ചികിത്സാ സംവിധാനങ്ങളെ തകിടംമറിക്കാനെ ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറും.
അപകട ചികിത്സാ സംവിധാനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. സംസ്ഥാനത്ത് ലഭ്യമായ ആംബുലന്‍സുകളെയും ചികിത്സാ സംവിധാനങ്ങളെയും വിദഗ്ധ ഡോക്ടര്‍മാരെയും കോര്‍ത്തിണക്കി അപകട ചികിത്സാ സംവിധാനം നടപ്പാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഐ.എം.എ അറിയിച്ചു.
ഐ.എം.എ പ്രസിഡന്റ് ഡോ. വിജി പ്രദീപ് കുമാര്‍, ഡോ.എ.വി ജയകൃഷ്ണന്‍, ഡോ. സാമുവല്‍ കോശി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."