കൊലയാളി ഗെയിം: ബംഗാളില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയില്‍ കളിച്ച് പശ്ചിമ ബംഗാളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.
മിഡ്‌നാപൂര്‍ സ്വദേശിയായ അങ്കണ്‍ ദേയെന്ന വിദ്യാര്‍ഥിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ സുഹൃത്താണ് അങ്കണ്‍ ബ്ലൂവെയില്‍ കളിക്കാറുണ്ടെന്ന് പൊലിസിന് വിവരം നല്‍കിയത്.
ജൂലൈയില്‍ മഹാരാഷ്ട്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മന്‍പ്രീത് സിങ് സഹാനി ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയായിരുന്നു 14കാരനായ കുട്ടി ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെയാണ് ബംഗാളിലും മരണം റിപ്പോര്‍ട്ട് ചെയ്തത്.
അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ഇതിനോടകം ലോകത്ത് 100ലധികം ആളുകള്‍ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചാലഞ്ച്. റഷ്യയിലാണ് ഗെയിമിന്റെ ഉത്ഭവം. ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് ആദ്യത്തെ ഘട്ടം. 50 ദിവസത്തിനുള്ളില്‍ 50 ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കണം. ഈ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുന്നടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടും.
ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതും ചെയ്യാന്‍ മടിക്കില്ലെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇതിനോടകം ഗെയിമിന് ഇരയായിട്ടുണ്ട്. കളിപ്പിച്ച് ഒടുക്കം ജീവനെടുക്കുന്ന ഗെയിം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."