വടക്കനാട് കൊമ്പനുമേല്‍ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
സുല്‍ത്താന്‍ ബത്തേരി: മേഖലയില്‍ തിരിച്ചെത്തിയ വടക്കനാട് കൊമ്പനുമേല്‍ വനംവകുപ്പ് നിരീക്ഷം ശക്തമാക്കി.
നിലവില്‍ കുറിച്യാട് റെയ്ഞ്ചില്‍പെടുന്ന കല്ലൂര്‍കുന്ന് വനമേഖലയിലാണ് കൊമ്പനുള്ളത്. വടക്കനാട് പ്രദേശത്തോട് തൊട്ടുചേര്‍ന്നുള്ള വനമേഖലയാണിത്. വന്യജീവിസങ്കേതം മേധാവിയുടെ നേതൃത്വത്തില്‍ റെയ്ഞ്ചര്‍മാരും ആര്‍.ആര്‍.ടി ടീമും സ്റ്റേഷന്‍ ഓഫിസര്‍മാരും ഉള്‍പ്പെടുന്ന 40 അംഗ ടീം മൂന്ന് ടീമായാണ് ആനയെ നിരീക്ഷിക്കുന്നത്. ജനവാസകേന്ദ്രത്തില്‍ ഇറങ്ങാതിരിക്കാന്‍ കനത്ത കാവലുമുണ്ട്.
ആനയുടെ കഴുത്തില്‍ റേഡിയോകോളര്‍ ഘടിപ്പിച്ചതിനാല്‍ ആനയുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ വനംവകുപ്പിന് സാധിക്കുന്നുണ്ട്. മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടക്കണമെന്നുള്ള വനംവകുപ്പിന്റെ ഉത്തരവുള്ളതിനാല്‍ ആനക്കായി മുത്തങ്ങപന്തിയില്‍ കൂടൊരുക്കുന്നുമുണ്ട്. ഇത് പൂര്‍ത്തിയാക്കി അടുത്ത ദിവസങ്ങളില്‍ തന്നെ ആനയെ മയക്കുവെടിവെച്ച് പിടികൂടുമെന്നുമാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇതിനായി ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍സക്കറിയയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വടക്കനാട് മേഖലിയില്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാന്‍ മെയ് 29നാണ് ഉത്തരവായത്.
എന്നാല്‍ ഉത്തരവിന് പിന്നാലെ പ്രദേശത്ത് നിന്നും അപ്രത്യക്ഷനായ കൊമ്പന്‍ കഴിഞ്ഞ ഏഴ് മാസങ്ങള്‍ കര്‍ണ്ണാടക, തമിഴ്‌നാട് വനമേഖലയില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് കൊമ്പന്‍ വീണ്ടും വടക്കനാട് വനമേഖലയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."