തകര്‍ന്നടിഞ്ഞ് ലങ്ക ഹര്‍ദിക് പാണ്ഡ്യക്ക് കന്നി ടെസ്റ്റ് സെഞ്ച്വറി
കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 487 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തിയര്‍ത്തിയ ഇന്ത്യ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 135 റണ്‍സില്‍ അവസാനിപ്പിച്ച് അവരെ ഫോളോ ഓണിലേക്ക് തള്ളിവിട്ടു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ്. ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കേ ഫോളോ ഓണ്‍ ഒഴിവാക്കി ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഇനിയും 333 റണ്‍സ് കൂടി വേണം. 12 റണ്‍സുമായി കരുണരത്‌നെയും റണ്ണൊന്നുമെടുക്കാതെ പുഷ്പകുമാരയുമാണ് ക്രീസില്‍. ഏഴ് റണ്‍സെടുത്ത തരംഗയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്.
നേരത്തെ ഏകദിന ശൈലിയില്‍ ബാറ്റേന്തി തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ച ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങാണ് ഇന്ത്യന്‍ സ്‌കോര്‍ 487ല്‍ എത്തിച്ചത്. 96 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും പറത്തി താരം 108 റണ്‍സെടുത്തു. പുഷ്പകുമാര എറിഞ്ഞ ഒരോവറില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും പറത്തി പാണ്ഡ്യ 26 റണ്‍സ് വാരി ടോപ് ഗിയറിലായിരുന്നു ബാറ്റ് ചെയ്തത്. ടെസ്റ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും എട്ടാമനായി ക്രീസിലെത്തി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഒപ്പം ലഞ്ചിന് മുന്‍പ് സെഞ്ച്വറിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും പാണ്ഡ്യ തന്റെ കന്നി സെഞ്ച്വറിക്കൊപ്പം ചേര്‍ത്തുവച്ചു.
ഇന്ത്യയെ 487ല്‍ പുറത്താക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചൂളുന്ന കാഴ്ചയായിരുന്നു. 48 റണ്‍സെടുത്ത ചാന്‍ഡിമല്‍ മാത്രമാണ് ചെറുത്ത് നിന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി ലങ്കന്‍ ബാറ്റിങിനെ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."