പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് നടുവണ്ണൂരിലെ ഡി.വൈ.എഫ്.ഐ തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂനിറ്റ് കമ്മിറ്റി സെക്രട്ടറി കരുവള്ളി മീത്തല്‍ അന്‍ജിത്ത് രാജ്(22) ആണ് അറസ്റ്റിലായത്.
മതസ്പര്‍ധ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഐ.പി.സി 153എ വകുപ്പ് പ്രകാരം ബാലുശ്ശേരി പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് യുവാവ് വിവാദ പോസ്റ്റിട്ടത്.
തുടര്‍ന്ന് വൈകിട്ടോടെ ക്ഷമചോദിച്ച് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മത വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അന്‍ജിത് രാജിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ഇത്തരം തെറ്റായ സന്ദേശങ്ങള്‍ക്കെതിരേ എന്നും ശക്തമായ നിലപാടെടുത്ത സംഘടനയാണ് ഡി.വൈ.എഫ്.ഐയെന്നും ബ്‌ളോക്ക് കമ്മിറ്റി സെക്രട്ടറി ടി.കെ സുമേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."