ഇതാണ് യഥാര്‍ത്ഥ ആടു ജീവിതം: തന്റെ മയ്യത്ത് പോലും മക്കള്‍ക്ക് കാണാനാകില്ലെന്ന് പറഞ്ഞു കരഞ്ഞ മുഹമ്മദ് ഇസ്ഹാഖ് ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും
റിയാദ്: വാഗ്ദാന ജോലി അറബി വീട്ടിലെ മജ്‌ലിസില്‍ (സ്വീകരണമുറി) ചായയും കാപ്പിയും ഉണ്ടാക്കി നല്‍കല്‍. അത്യാവശ്യം മാന്യമായ ശമ്പളം. വാടകവീട്ടില്‍ കഴിയുന്ന തന്റെ കുടുംബത്തിന് ഒരു ആശ്വാസമേകാനാണ് സുഹൃത്ത് വഴി ഏജന്റിന് 75000 രൂപ നല്‍കി വിസ എടുത്തത്. എന്നാല്‍, റിയാദില്‍ വിമാനമിറങ്ങി നേരെ എത്തിപ്പെട്ടത് മണല്‍പ്പരപ്പാല്‍ ചുറ്റപ്പെട്ട കൊടും മരുഭൂമിയില്‍. ഭക്ഷിക്കാന്‍ ഉണക്ക ഖുബ്ബൂസും ചിലപ്പോള്‍ മാക്രോണിയും. പക്ഷെ, അള്‍സര്‍ രോഗം ബാധിതനായതിനാല്‍ അതും കഴിക്കാന്‍ വയ്യ.
പിന്നെ ആശ്രയം വെള്ളം മാത്രം. ഒടുവില്‍ അബുദാബി ബദാസായിദിലെ ഒട്ടകയോട്ട മത്സരത്തിന് അറബിയോടൊപ്പം റിയാദില്‍നിന്ന് രണ്ടാഴ്ച മുന്‍പ് എത്തിയപ്പോള്‍ ദുരിത ജീവിതത്തില്‍നിന്ന് അര്‍ധ രാത്രി ഒളിച്ചോടുകയായിരുന്നു മലപ്പുറം ആനക്കയം സ്വദേശി വളാപ്പറമ്പന്‍ മുഹമ്മദ് ഇസ്ഹാഖ്. ഒടുവില്‍ മലയാളികളുടെ മുന്നില്‍ പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഇദ്ദേഹം ശനിയാഴ്ച എംബസി സഹായത്തോടെ നാട്ടിലേക്ക് തിരിക്കും.
നാട്ടില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഷാഫി പരിചയപ്പെടുത്തിയ എറണാകുളത്തെ ഏജന്റിനു 75000 രൂപ വീസയ്ക്ക് നല്‍കിയാണ് മുംബൈ വഴി റിയാദിലെത്തിയത്. റിയാദില്‍നിന്നും 300 കിലോമീറ്റര്‍ അകലെ സലഹ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കലായിരുന്നു ജോലി. ശമ്പളം ചോദിച്ചപ്പോള്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു ഫലം. രണ്ടര മാസം ഇവിടെ കൊടും ചൂടിലും തണുപ്പിലും ഒട്ടകത്തോടൊപ്പം മരുഭൂമിയില്‍ കഴിയേണ്ടിവന്നു. നല്ല ഭക്ഷണം കഴിച്ചിട്ട് നാളുകള്‍ ഏറെയായി. ആകെ കിട്ടിയിരുന്നത് വല്ലപ്പോഴും അറബി കൊണ്ടുതരുന്ന മക്രോണിയും ഖുബ്ബൂസും മാത്രമായിരുന്നു. അത് തന്നെ അള്‍സര്‍ രോഗിയായ തനിക്ക് കഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ അബുദാബി ബദാസായിദിലെ ഒട്ടകയോട്ട മത്സരത്തിന് അറബി കൂടെ കൂട്ടിയതാണ് നാടാണയാന്‍ വിധിയേകിയത്. രണ്ടാഴ്ച മുന്‍പ് ഇവിടെ എത്തിയ ഇദ്ദേഹം അര്‍ധ രാത്രി ഒളിച്ചോടുകയായിരുന്നു. മരുഭൂമിയിലൂടെ ദിക്കറിയാതെയുള്ള ഓട്ടത്തിനൊടുവില്‍ എത്തിപ്പെട്ട ബദാസായിദിലെ മലയാളികളുടെ കടയില്‍ കയറി ദുരിതം വിവരിച്ചു കരഞ്ഞതോടെ ഇവര്‍ രക്ഷകരായി. യുഎഇയിലുള്ള ബന്ധുക്കളുടെ സഹായം തേടിയെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞതായും ഇസ്ഹാഖ് പരിതപിച്ചു. തിരിച്ചു സഊദിയിലെ റിയാദില്‍ പോകേണ്ടിവന്നാല്‍ മരണമല്ലാതെ വഴിയില്ലെന്നും മൃതദേഹംപോലും തന്റെ മക്കള്‍ക്ക് കാണാന്‍ കഴിയില്ലെന്നും പറഞ്ഞു കരഞ്ഞതോടെ ഇസ്ഹാഖിനെ കൈവിടാന്‍ കടക്കാര്‍ക്കായില്ല.
അബുദാബിയിലുള്ള സുഹൃത്തും വളാഞ്ചേരി കൊട്ടാരം സ്വദേശിയുമായ ഷംസുദ്ദീനെ വിളിച്ചറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം രാവിലെ ബസ്സില്‍ അബുദാബിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെത്തിയ ഇസ്ഹാഖിനെയും കൂട്ടി ഇന്ത്യന്‍ എംബസിയിലെത്തിയപ്പോള്‍ അധികൃതരില്‍നിന്ന് അകമഴിഞ്ഞ സഹായമാണ് ലഭിച്ചതെന്ന ഷംസുദ്ദീന്‍ പറഞ്ഞു. തുടന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയില്‍ ഔട്ട്പാസ് ശരിപ്പെടുത്തിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കയറ്റിവിടാനായി സ്വൈഹാന്‍ ഔട്ട്ജയിലിലേക്ക് മാറ്റി. നാട്ടിലേക്കുള്ള ടിക്കറ്റും നല്‍കി.
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിച്ച ബദാസായിദിലെ കടക്കാര്‍ക്കും ഷംസുദ്ദീനും നാസറിനും സുഹൃത്തുക്കള്‍ക്കും എംബസിക്കും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിനും കെഎംസിസിക്കും കൃതജ്ഞത അറിയിച്ച ഇസഹാഖ് ഇനി മറ്റൊരാളും ഇത്തരം ചതിയില്‍ പെടരുതെന്നും ഓര്‍മിപ്പിച്ചു. അതുകൊണ്ടാണ് തന്റെ ദുരന്ത കഥ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്നും വ്യക്തമാക്കി.
ഭാര്യയും മൂന്നു പെണ്‍കുട്ടികളുമുള്ള ഇദ്ദേഹം 9 വര്‍ഷമായി വാടകവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്ന ആഗ്രഹമാണ് വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു. ഷംസുദ്ദീനും സുഹൃത്തുക്കളും ചേര്‍ന്ന് 3000 ദിര്‍ഹമോളം സമാഹരിച്ചുനല്‍കി. ഇസ്ലാമിക് സെന്റര്‍ വസ്ത്രം വാങ്ങിക്കൊടുത്തു. ദിവസങ്ങളോളം കുളിക്കാതെയും മുടിവെട്ടാതെയും ഉടുതുണിക്ക് മറുതുണിയില്ലാതെയും കാട്ടാളനെ പോലെയാണ് കഴിഞ്ഞിരുന്ന ഇസ്ഹാഖിനെയുമെടുത്ത് എംബസിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മുടി വെട്ടി കുളിപ്പിച്ച് മനുഷ്യക്കോലത്തിലാക്കി. പുതിയ വസ്ത്രം മാറ്റിയാണ് ഇദ്ദേഹത്തെ ഡീപ്പോര്‍ട്ടേഷന്‍ സെന്ററിലേക്ക് യാത്രയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."