ഓണക്കാല മദ്യമൊഴുക്ക് തടയാന്‍ സ്‌പെഷല്‍ ഡ്രൈവുമായി എക്‌സൈസ് രംഗത്ത്
തൊടുപുഴ: ഓണാഘോഷം പൊടിപൊടിക്കാന്‍ സ്പിരിറ്റും വ്യാജവാറ്റും ഒഴുക്കുന്നത് തടയിടാന്‍ ഓണം 'സ്‌പെഷല്‍ ഡ്രൈവുമായി' എക്‌സൈസ് വകുപ്പ് രംഗത്ത്. നിയമവിരുദ്ധ ലഹരി ഉപയോഗവും വില്‍പനയും വര്‍ധിക്കാനിടയുള്ള സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ വ്യാജമദ്യ വ്യാപനവും കടത്തും തടയാനാണു നീക്കം. ഓണത്തോടനുബന്ധിച്ച്, ഒരുമാസം നീണ്ടുനില്‍ക്കുന്ന സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് 10ന് തുടക്കമിട്ടു.
വ്യാജവാറ്റ്, സ്പിരിറ്റ്, കളര്‍ ചേര്‍ത്ത വ്യാജമദ്യം, വ്യാജ കള്ള്, വ്യാജ ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ലഹരിമരുന്ന് എന്നിവയുടെ കടത്ത്, വില്‍പന, വിതരണം, ഉപയോഗം എന്നിവ തടയും. ചില കള്ളുഷാപ്പുകള്‍, ബിവ്‌റിജസ് ഷോപ്പുകള്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാജമദ്യ വില്‍പനയും മറ്റും വര്‍ധിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അബ്ദുല്‍ കലാം മുന്നറിയിപ്പു നല്‍കി.
ലഹരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ലഹരിവസ്തുക്കളുടെ കടത്ത്, ശേഖരണം, ഉപഭോഗം എന്നിവ തടയുന്നതിനായി പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ യൂനിറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വനിതാ സംഘടനകള്‍, ഇതര വകുപ്പുകള്‍ എന്നിവരുടെ സഹകരണം ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു.
അബ്കാരി മേഖലയിലെ വ്യാജമദ്യ ലഹരി മരുന്നുകളെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍തന്നെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷനല്‍ കണ്‍ട്രോള്‍ റൂമില്‍ ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.
ഇപ്രകാരം ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്.
വനപ്രദേശത്ത് വ്യാജ ചാരായ വാറ്റിനു സാധ്യതയുണ്ടെന്ന് എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ സ്പിരിറ്റ് കടത്തിനും കോളനികള്‍ കേന്ദ്രീകരിച്ചു വ്യാജവാറ്റിനും വില്‍പനയ്ക്കും സാധ്യത കൂടുതലാണെന്ന് അധികൃതര്‍ പറയുന്നു.
ബിവറിജസ് ഔട്ട്‌ലെറ്റുകളില്‍നിന്നു മദ്യം വാങ്ങിക്കൊണ്ടുവന്ന് ഇരട്ടിവിലയ്ക്കു വില്‍ക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനവും വ്യാപകമാകാനിടയുണ്ട്. ഈ സാഹചര്യത്തിലാണു പരിശോധനകളും പട്രോളിങ്ങും കൂടുതല്‍ ശക്തമാക്കുന്നത്.
ഇതിനുപുറമെ, ലൈസന്‍സ് സ്ഥാപനങ്ങള്‍ വഴി വ്യാജമദ്യ വില്‍പന തടയുന്നതിനു പരിശോധനകള്‍ ശക്തമാക്കും. മദ്യഷാപ്പുകളില്‍നിന്നു സാമ്പിള്‍ ശേഖരിച്ചു രാസപരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശമുണ്ട്.
പാലക്കാടുനിന്ന് ഇടുക്കി ജില്ലയിലേക്കു പെര്‍മിറ്റോടെ കൊണ്ടുവരുന്ന കള്ളിന്റെ അളവും ഗുണനിലവാരവും പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ്, പുകയില, പാന്‍ ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ലേബര്‍ ക്യാംപുകളിലും മറ്റും നിരീക്ഷണം ശക്തമാക്കും. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്‍ കുറ്റവാളികളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഡ്രൈ ഡേകളില്‍ സമാന്തര മദ്യവില്‍പന നടക്കുന്നില്ലെന്നു ഉറപ്പുവരുത്തും.
ജില്ലയില്‍ ബോര്‍ഡര്‍ പട്രോളിങ് ശക്തിപ്പെടുത്താനും വാഹന പരിശോധന കര്‍ശനമാക്കാനുമുള്ള തയാറെടുപ്പിലാണ് എക്‌സൈസ്. ഇടുക്കി ജില്ല തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയിലെ ചിന്നാര്‍, ബോഡിമെട്ട്, കമ്പംമേട്, കുമളി ഭാഗങ്ങളില്‍ തമിഴ്‌നാട് പ്രൊഹിബ്ഷന്‍ വിങ്ങുമായി ചേര്‍ന്നു വാഹനപരിശോധനയും പട്രോളിങ്ങും സ്റ്റോറേജ്, പ്രതികള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സംയുക്ത പരിശോധനകളും നടത്തും.
മധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള എക്‌സൈസ് മൊബൈല്‍ ലാബ് ജില്ലയിലെ ലൈസന്‍സ് സ്ഥാപനങ്ങളില്‍ മദ്യം പരിശോധിക്കുന്നതിനായി ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയയിടങ്ങളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കും.
മദ്യഷാപ്പുകളിലും ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്യുന്നത് എന്നുറപ്പുവരുത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്നു പരിശോധന നടത്താന്‍ ജില്ലാ കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ലഹരിയുണ്ടാക്കുന്ന മരുന്നുകള്‍ വില്‍ക്കുന്നതായുള്ള പരാതിയില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുമായി ചേര്‍ന്നു മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."