കോഴിക്കോടിന് പുതുവര്‍ഷ സമ്മാനമായി രണ്ട് മേല്‍പാലങ്ങള്‍
കോഴിക്കോട്: നഗരത്തിന്റെ ഗതാഗത വികസനത്തില്‍ പുത്തന്‍ വഴിത്തിരിവായി തൊണ്ടയാട്, രാമനാട്ടുകര മേല്‍പാലങ്ങള്‍. രണ്ട് വര്‍ഷവും 10 മാസവും കൊണ്ടാണ് ഇരു മേല്‍പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കിയത്. ആറുവരി പാതയിലെ പകുതി ഭാഗം ഇപ്പോള്‍ മേല്‍പാലവും അനുബന്ധ സര്‍വിസ് റോഡുകളുമായി ഗതാഗത സജ്ജമായിരിക്കുകയാണ്. 46 കോടി രൂപ ചെലവഴിച്ചാണ് തൊണ്ടയാട് മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കാര്യക്ഷമത, പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മികവ് എന്നിവ മേല്‍പാലം തലയുയര്‍ത്തിയതില്‍ പ്രധാന പങ്കുവഹിക്കുന്നു.
കോഴിക്കോട് ദേശീയപാത 66 ബൈപാസില്‍ മാവൂര്‍ റോഡുമായി സംഗമിക്കുന്ന സ്ഥലത്താണ് തൊണ്ടയാട് മേല്‍പാലം. ദിനംപ്രതി 45,000 ത്തോളം വാഹനങ്ങള്‍ ദേശീയപാത 66 ബൈപാസിലൂടെ കടന്നുപോകുന്നുണ്ട്. സമീപമുള്ള മെഡിക്കല്‍ കോളജ്, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍, ഓഫിസ് സമുച്ചയങ്ങള്‍, കോഴിക്കോട് സിറ്റി എന്നിവ മൂലം തിരക്കേറിയ ഈ ജങ്ഷനില്‍ സുഗമമായ വാഹന ഗതാഗതത്തിനു മേല്‍പാലം സഹായകമാവും.
കോഴിക്കോട് ബൈപാസിലെ പ്രധാന കവലകളില്‍ ഒന്നായ രാമനാട്ടുകര ജങ്ഷനിലെ മേല്‍പാലം 63 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കോഴിക്കോട് ദേശീയപാത 66 ബൈപാസില്‍ ദേശീയപാത 966മായി സംഗമിക്കുന്ന സ്ഥലത്താണു രാമനാട്ടുകര മേല്‍പ്പാലം. തുടര്‍ച്ചയായി ആറു സ്പാനുകള്‍ക്കു ശേഷം മധ്യഭാഗത്തു മാത്രം എക്‌സ്പാന്‍ഷന്‍ ഗ്യാപ് നല്‍കി ഇന്റഗ്രേറ്റഡ് രീതിയില്‍ ബെയറിങ്ങുകള്‍ ഒഴിവാക്കിക്കൊണ്ടാണ് മേല്‍പാലം നിര്‍മിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തോടു കൂടി ആറുവരി ദേശീയപാതയുടെ പകുതിഭാഗം മേല്‍പാലത്താല്‍ സൗകര്യപ്രദമാവും.
74 കോടി 96 ലക്ഷം രൂപയ്ക്ക് നിര്‍മിക്കാന്‍ ഉദ്ദേശിച്ച രാമനാട്ടുകര മേല്‍പാലത്തിന്റെ നിര്‍മാണം 63 കോടിയില്‍ ഒതുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."