കണ്ണങ്ങാട്ട്‌ഐലന്റ് പാലം അപ്രോച്ച് റോഡിനുള്ള നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ്
മട്ടാഞ്ചേരി: കണ്ണങ്ങാട്ട്‌ഐലന്റ് പാലത്തിനുള്ള അപ്രോച്ച് റോഡിന്റെ നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പ് വന്നതോടെ നാട്ടുകാര്‍ ഏറെ പ്രതീക്ഷയിലാണ്.
പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡില്ലാത്തതിനാല്‍ തുറന്ന് നല്‍കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ഗതാഗതത്തിനായി തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ച പശ്ചാത്തലത്തിലാണ് നടപടി തുടങ്ങിയതായുള്ള പൊതുമരാമത്ത് വകുപ്പിന്റെ പ്രഖ്യാപനം.
അപ്രോച്ച് റോഡിനുള്ള നടപടി ആരംഭിച്ചതായി നിയമസഭയിലാണ് വകുപ്പിന്റെ അറിയിപ്പുണ്ടായത്.ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എയുടെ സബ് മിഷനുള്ള മറുപടിയിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം അറിയിച്ചത്.പാലത്തില്‍ നിന്നുള്ള റോഡ് മധുര കമ്പനികണ്ണങ്ങാട്ട് റോഡുമായി ബന്ധിപ്പിക്കാന്‍ 2600 ചതുരശ്ര മീറ്റര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്.ഇതിനായി 2.83 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.ഈ ഭാഗത്ത് വീടുകളോ മറ്റ് കെട്ടിടങ്ങളോയില്ലന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയായാലും പാലം ഇറങ്ങി പഴയ റോഡിലേക്കുള്ള വഴിയിലെ കലുങ്കിന്റെ അവസ്ഥ മോശമാണ്.ഇതിനും പരിഹാരം കാണണം.പാലം തുറന്ന് കൊടുത്താല്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ പള്ളുരുത്തി,ഇടക്കൊച്ചി,പെരുമ്പടപ്പ്,കുമ്പളങ്ങി എന്നീ ഭാഗങ്ങളിലുള്ളവര്‍ക്കും ഹൈവേയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കും നഗരത്തിലേക്ക് പ്രവേശിക്കാന്‍ എളുപ്പമാകും.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പാലത്തിന്റെ നിര്‍മ്മാണം ഭൂരിഭാഗവും തീര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."